കൊച്ചി: നാവികസേന ആസ്ഥാനത്ത് സുരക്ഷാവീഴ്ച. സൈനിക യൂണിഫോമിൽ നാവികസേന ആസ്ഥാനത്ത് പ്രവേശിച്ച യുവാവിനെ നേവൽ പോലീസ് പിടികൂടി. അതീവസുരക്ഷാ മേഖലയായ നാവികസേന ആസ്ഥാനത്ത് ഏകദേശം ഒന്നര മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് ഇയാളെ പിടികൂടിയതെന്നതാണ് സുരക്ഷാവീഴ്ചയിലേക്ക് വിരൽചൂണ്ടുന്നത്.

കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉൾപ്പെടെയുള്ളവർ നാവികസേന ആസ്ഥാനത്തുനിന്ന് മടങ്ങിയതിന് പിന്നാലെയാണ് തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ യുവാവ് ഇവിടേക്ക് പ്രവേശിച്ചത്. സൈനിക യൂണിഫോമിൽ ചുറ്റിത്തിരിഞ്ഞ യുവാവിനെ ആദ്യമാരും ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് ഇയാൾ ചിലരുടെ ശ്രദ്ധയിൽപ്പെട്ടതോടെ നേവൽ പോലീസെത്തി പിടികൂടുകയായിരുന്നു. തുടർന്ന് യുവാവിനെ ഹാർബർ പോലീസിന് കൈമാറി.

ഒന്നര മണിക്കൂറോളം പ്രതി നാവികസേന ആസ്ഥാനത്ത് ചെലവഴിച്ചതായാണ് പോലീസിന്റെ ചോദ്യംചെയ്യലിൽ കണ്ടെത്തിയത്. സൈന്യത്തിൽ ചേരാനുള്ള താത്‌പര്യപ്രകാരം എത്തിയതെന്നാണ് യുവാവ് നൽകിയ മൊഴി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

Content Highlights:youth entered in kochi southern naval command head quarters campus