ഏറ്റുമാനൂർ: വഴക്കിനിടെ പോലീസിനെക്കണ്ട് ഭയന്നോടിയ യുവാവ് കുഴിയിൽവീണ് മരിച്ചു. ഏറ്റുമാനൂർ തവളക്കുഴി ബീനാനിവാസിൽ റജികുമാറിന്റെയും ബിന്ദുവിന്റെയും മകൻ നീരജ് റജിയാണ് (22) മരിച്ചത്.

ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിന് സമീപമുള്ള ഹോട്ടലിൽ ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനെത്തിയ നീരജ് ഉൾപ്പെടെയുള്ള യുവാക്കൾതമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിലെത്തി. ഈസമയം അതുവഴിവന്ന പോലീസിനെക്കണ്ട് യുവാക്കൾ ചിതറിയോടുകയായിരുന്നു. ഹോട്ടലിനുസമീപത്തെ എ.ടി.എം. കൗണ്ടറുകൾക്കും സൗത്ത് ഇന്ത്യൻ ബാങ്കിനും അടുത്തുള്ള കുഴിയിൽ വീണാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

16 അടിയോളം താഴ്ചയുള്ള കുഴിയിൽ അരയടിയോളം വെള്ളമുണ്ടായിരുന്നു. പോലീസ് പോയശേഷം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുഴിയിൽ വീണുകിടക്കുന്നത് കണ്ടത്. ഹോട്ടൽജീവനക്കാരനും നീരജിന്റെ സുഹൃത്തും കുഴിയിലിറങ്ങിയെങ്കിലും അവർക്കും തിരിച്ചുകയറാനായില്ല. തുടർന്ന് കോട്ടയത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയാണ് മൂന്നുപേരെയും കരയ്ക്കെത്തിച്ചത്. ബോധരഹിതനായ നീരജിനെ തെള്ളകത്തെ സ്വകാര്യാശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നയനയാണ് സഹോദരി. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Content Highlights:youth dies in ettumanoor