മറ്റത്തൂർ: ടി.എൻ. പ്രതാപന്റെ സ്വീകരണം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഉണ്ടായ സംഘട്ടനത്തിൽ യൂത്ത് കോൺഗ്രസ് മറ്റത്തൂർ മണ്ഡലം സെക്രട്ടറിക്കും കോൺഗ്രസ് പ്രവർത്തകനും കുത്തേറ്റു. കോടാലി ആഞ്ഞാറ്റുപറമ്പിൽ ലിനോ മൈക്കിൾ (28), കാവനാട് മഠത്തിൽ ഷാജു (37) എന്നിവർക്കാണ് കുത്തേറ്റത്.

സംഭവത്തിൽ കാവനാട് കുറുവത്ത് രനീഷ് (22), വട്ടേക്കാട് തടത്തിൽ സൂരജ് (27), വട്ടേക്കാട് കല്ലിങ്ങപ്പുറം സുജിത്ത് (28) എന്നിവരെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. പുറത്ത് കുത്തേറ്റ ലിനോ മൈക്കിൾ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഷാജുവിന് വയറ്റിലാണ് കുത്തേറ്റത്. ഷാജുവിനെ ചികിത്സ നൽകി വീട്ടിലേക്ക് വിട്ടു.

മൂന്ന് കത്തികൾ സംഭവസ്ഥലത്തു നിന്ന് പോലീസിന് കിട്ടിയിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രി പത്തരയോടെ കാവനാട് സെന്ററിലായിരുന്നു സംഭവം. തിരഞ്ഞെടുപ്പിൽ വിജയിച്ച ടി.എൻ. പ്രതാപൻ മറ്റത്തൂർ പഞ്ചായത്തിലെ സ്വീകരണം കഴിഞ്ഞ് കാവനാട്ട് കോൺഗ്രസ് പ്രവർത്തകനായ ജോജു ചുള്ളിയുടെ വീട് സന്ദർശിക്കാൻ കയറി. അപകടത്തിൽ പരിക്കേറ്റുകിടക്കുന്ന ജോജുവിന്റെ മകൻ ബെഞ്ചമിൻ സി. ജോർജിനെ കാണാനെത്തിയ പ്രതാപനൊപ്പം കുറച്ച്‌ പ്രവർത്തകരും ഉണ്ടായിരുന്നു. ഇവർ വീടിനു മുന്നിലെ റോഡിൽ നിൽക്കുന്ന സമയത്താണ് രനീഷും സൂരജും സുജിത്തും ബൈക്കിൽ എത്തിയത്. വണ്ടി കടന്നുപോകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സൂരജ് നിലത്ത് വീണു. ഈ സമയത്താണ് ലിനോ മൈക്കിളിനും ഷാജുവിനും കുത്തേറ്റത്.

കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഇറങ്ങുമ്പോഴാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. മറ്റ് രണ്ടുപേരെ പിന്നീടും.

സംഭവത്തിനു പിന്നിൽ സി.പി.എമ്മാണെന്നും അക്രമം അഴിച്ചുവിടലാണ് ലക്ഷ്യമെന്നും കോൺഗ്രസ് ആരോപിച്ചു. പ്രതികളും സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള പ്രശ്നമാണെന്നും സംഭവത്തിൽ പങ്കില്ലെന്നും സി.പി.എം. പ്രസ്താവനയിൽ പറഞ്ഞു.

Content Highlights: youth congress workers stabbed, political rivalry