ബെംഗളൂരു: നാല് മണിക്കൂറിനിടെ നാല് ആത്മഹത്യാശ്രമങ്ങള്‍, നാലാം തവണ മരണം. മലയാളിയെന്ന് സംശയിക്കുന്ന 25 വയസ് പ്രായംതോന്നിക്കുന്ന യുവാവാണ് ബെംഗളൂരു ചാമരാജ്‌പേട്ട്  സെന്റ് ലൂക്ക്‌സ് ദേവാലയത്തില്‍ ജീവനൊടുക്കിയത്. ഒക്ടോബര്‍ 18 വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. 

രാത്രി പള്ളിവളപ്പില്‍ അതിക്രമിച്ചുകയറിയാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. നാല് മണിക്കൂറിനിടെ മൂന്ന് ആത്മഹത്യാശ്രമങ്ങള്‍ നടത്തി പരാജയപ്പെട്ടതിനുശേഷമാണ് സ്വന്തം ഷര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ തൂങ്ങിമരിച്ചതെന്നും പോലീസ് അറിയിച്ചു. 

പള്ളിവളപ്പില്‍ പ്രവേശിച്ച യുവാവ് ആദ്യം തുണിക്കഷണം ഉപയോഗിച്ച് തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും താഴെവീഴുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി സൂക്ഷിച്ചിരുന്ന കമ്പികള്‍ക്കിടയിലേക്കാണ് വീണത്. ഈ വീഴ്ചയില്‍ പരിക്കേല്‍ക്കുകയും പിന്നീട് ചില്ലുകൊണ്ട് മുറിവേല്‍പ്പിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ചില്ലുകള്‍ പൊട്ടിച്ച് വയറിലും മറ്റും മുറിവുണ്ടാക്കി. ഇതിനുശേഷം കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ താഴത്തെനിലയിലെ ഓടിന് മുകളിലേക്ക് വീണു. തുടര്‍ന്നാണ് ഷര്‍ട്ട് ഉപയോഗിച്ച് തൂങ്ങിമരിച്ചത്.

വെള്ളിയാഴ്ച രാവിലെ പള്ളിയില്‍ എത്തിയവരാണ് മൃതദേഹം ആദ്യംകണ്ടത്. ആത്മഹത്യാ ശ്രമം നടത്തിയതിന് സമീപത്തെ ചുവരില്‍ ചോരകൊണ്ട് 'ലത' എന്ന് എഴുതുകയും ചെയ്തിരുന്നു. ചുവരില്‍ മലയാളത്തില്‍ പേരെഴുതിയതിനാല്‍ ഇയാള്‍ മലയാളിയാണെന്നാണ് സംശയം. 

യുവാവ് ജീവനൊടുക്കിയ സ്ഥലത്തും സമീപത്തും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം വിക്ടോറിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യുവാവിനെ തിരിച്ചറിയാനായി ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും അസ്വാഭാവികമരണത്തിന് കേസെടുത്തതായും പോലീസ് അറിയിച്ചു.