മറയൂര്‍: മരിക്കാന്‍ പോകുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശം കൂട്ടുകാര്‍ക്ക് അയച്ചശേഷം യുവാവ് തൂങ്ങിമരിച്ചു. പാളപ്പെട്ടി സ്വദേശികളായ കുട്ടന്റെയും ഇന്ദിരയുടെയും മകന്‍ കാര്‍ത്തിക്(18)ആണ് ജീവനൊടുക്കിയത്. ചന്ദനക്കടത്ത് കേസില്‍ പ്രതിയായതോടെ വനംവകുപ്പ് വാച്ചറായിരുന്ന കാര്‍ത്തിക്കിന് ജോലി നഷ്ടപ്പെട്ടിരുന്നു. യഥാര്‍ഥ പ്രതികള്‍ വേറെയാണെന്നും തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും ഉള്ള സൂചനയാണ് വീഡിയോ സന്ദേശത്തിലുള്ളത്. തമിഴിലായിരുന്നു സന്ദേശം.

കാര്‍ത്തിക് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 വരെ ആറുകിലോമീറ്റര്‍ അകലെയുള്ള കണക്കയം കുടിയിലെയും പാളപ്പെട്ടി കുടിയിലെയും എട്ട് സുഹൃത്തുക്കള്‍ ഒന്നിച്ച് മൊബൈല്‍ ഫോണില്‍ ഫ്രീ ഫയര്‍ എന്ന ഗെയിം കളിച്ചിരുന്നു. പിന്നീട് കുറച്ചുസമയത്തിന് ശേഷം വീടിന് സമീപമുള്ള വനമേഖലയില്‍നിന്ന് ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന വീഡിയോ സന്ദേശം എടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചു. ഒന്നരയോടുകൂടിയാണ് വീട്ടില്‍ ലുങ്കിയില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

പലരും സന്ദേശം പാതി മാത്രമേ തുടക്കത്തില്‍ കണ്ടിരുന്നുള്ളൂ. എന്നാല്‍, കാര്‍ത്തിക് തൂങ്ങിമരിച്ചു എന്നറിഞ്ഞ് വീഡിയോ സന്ദേശം പരിശോധിച്ചപ്പോഴാണ് അത് മരണത്തിന് തയ്യാറെടുത്തശേഷം യാത്ര പറയുന്ന സന്ദേശമാണെന്ന് മനസ്സിലായത്.

2020 സെപ്റ്റംബര്‍ ഏഴിന് കാന്തല്ലൂര്‍ റേഞ്ചിലെ വണ്ണാന്തുറൈ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് ചന്ദനം മുറിച്ചുകടത്തിയതിന് വനം വകുപ്പിന്റെ പിടിയിലായി റിമാന്‍ഡില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതാണ് കാര്‍ത്തിക്.

കാര്‍ത്തിക്കിന്റെ പേരില്‍ അഞ്ച് ചന്ദനക്കേസുകള്‍ ഉണ്ട്. വീണ്ടും പിടിക്കപ്പെടുമോ എന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മേല്‍ നടപടികള്‍ക്കായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വനംവകുപ്പിനെതിരേയാണ് വീഡിയോ സന്ദേശം എന്ന് ആരോപണം ഉയരുന്നുണ്ട്. ഒരു കേസില്‍ പിടിക്കപ്പെട്ട കാര്‍ത്തിക്കിനെ തെളിയാതെ കിടന്ന മറ്റ് നാല് കേസുകളിലും ഉള്‍പ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

വീഡിയോ സന്ദേശത്തില്‍നിന്ന്

'കുറ്റം ഒരുത്തന്‍ ചെയ്യും ഏറ്റെടുക്കുന്നത് വേറൊരാള്‍. ചിലര്‍ പിടിക്കപ്പെടാതെ ധൈര്യത്തോടെ കുറ്റം ചെയ്തുകൊണ്ടിരിക്കുന്നു. എന്ത് പ്രശ്‌നം വന്നാലും സമാധാനമില്ല. മാന്യമായി നടന്നാലും കള്ളന്‍ ഞാനാണ്. ഈ നാട്ടില്‍ ജീവിക്കാന്‍ പറ്റില്ല. എന്റെ അവസാനവാക്ക് പറയുന്നു. ഇനി ജീവിച്ചിട്ട് കാര്യമില്ല'.

 


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: youth commits suicide after sending video to friends in marayoor