കോയമ്പത്തൂർ: ഓൺലൈൻ ചീട്ടുകളിയിൽ പാപ്പരായ 27-കാരൻ ജീവനൊടുക്കി. രാധാകൃഷ്ണൻ സ്ട്രീറ്റിലെ ആർ. മദൻ കുമാറാണ് മരിച്ചത്. ശീരനായ്ക്കൻപാളയത്തെ വീട്ടിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്താംക്ലാസ് വരെ പഠിച്ച കുമാർ സ്വകാര്യബാങ്കിന്റെ കൗണ്ടംപാളയം ശാഖയിൽ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു.

അവിവാഹിതനായ കുമാർ മദ്യത്തിനും അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ആറുമാസം മുമ്പ് കുമാർ സാമിചെട്ടിപാളയത്തെ വാടകവീട്ടിലേക്ക് മാറിയിരുന്നു. കെട്ടിടനിർമാണത്തൊഴിലാളിയായ അച്ഛൻ എസ്. രവിയും അമ്മ മനോമണിയും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടരമണിയോടെ വീട്ടിൽനിന്ന് പോയ കുമാർ
സാധാരണപോലെ വൈകീട്ട് വീട്ടിൽ തിരിച്ചുവന്നില്ല. വെള്ളിയാഴ്ചയും വീട്ടിലെത്തിയില്ല. ശീരനായിക്കൻപാളയത്തെ വീട്ടിൽ ആദ്യം മനോമണിയാണ് മകനെ അന്വേഷിച്ച് എത്തിയത്. വീടിന്റെ വാതിലിൽ മുട്ടിനോക്കിയപ്പോൾ പ്രതികരണമുണ്ടായില്ല. അവിടെയെത്തിയ ബന്ധു വേലുസ്വാമി കതക് ഇടിച്ചുതുറന്നപ്പോൾ കുമാർ സീലിങ് ഫാനിൽ സാരിത്തുമ്പിൽ തൂങ്ങിക്കിടക്കുന്നതാണ് കണ്ടത്.

മദ്യക്കുപ്പിയും കീടനാശിനിക്കുപ്പിയും അകത്തുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഓൺലൈൻ ചൂതാട്ടത്തിന് അടിമയായിരുന്നു കുമാറെന്ന് സുഹൃത്ത് പറഞ്ഞു. പലരിൽനിന്നും പണം കടം വാങ്ങിയിരുന്നു. ചിലർക്ക് തിരിച്ചുനൽകാനും കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാവാം ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു.

ആർ.എസ്. പുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:youth commits suicide after losing money in online card game