അമൃത്സർ: വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെയും മാതാപിതാക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പഞ്ചാബിലെ മാൻസഖുർദ് സ്വദേശിയായ യുവ്കരൺ സിങ്ങാണ് കാമുകിയായ സിമ്രാൻ(21) ഇവരുടെ മാതാപിതാക്കളായ ചരൺജിത് സിങ്(55) ജസ്വീന്ദർ കൗർ(50) എന്നിവരെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ച് മരിച്ചത്.

കഴിഞ്ഞദിവസമാണ് ചരൺജിത് സിങ്ങിനെയും ഭാര്യയെയും മകളെയും വീട്ടിൽ വെടിയേറ്റ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടിലെത്തിയ പാൽക്കാരൻ വീട്ടുകാരെ പുറത്തുകാണാത്തതിനാൽ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അയൽക്കാർ പോലീസിനെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് മൂവരെയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. മൂന്ന് പേർക്കും തലയിലാണ് വെടിയേറ്റിരുന്നത്.

വീടിന് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് യുവ്കരൺ സിങ്ങാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയത്. തുടർന്ന് ഇയാളുടെ വീട്ടിലെത്തിയപ്പോൾ യുവ്കരണിനെയും വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ജീവനൊടുക്കുന്നതിന് മുമ്പ് ഇയാൾ മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്ത വീഡിയോയും പോലീസ് കണ്ടെടുത്തു. ഇതോടെയാണ് കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും കാരണം വ്യക്തമായത്.

സിമ്രാനും യുവ്കരണും തമ്മിൽ അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കാൻ സിമ്രാൻ യുവ്കരണിനെ നിരന്തരം നിർബന്ധിച്ചു. വിവാഹം കഴിച്ചില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനിടെ, സിമ്രാൻ മറ്റുചില യുവാക്കളുമായി സംസാരിക്കുന്നതും യുവ്കരണിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സഹോദരന്റെ തോക്ക് ഉപയോഗിച്ചാണ് താൻ കൃത്യം നടത്തുന്നതെന്നും യുവ്കരൺ വീഡിയോയിൽ പറഞ്ഞിരുന്നു. സംഭവത്തിൽ തന്റെ സഹോദരനോ വീട്ടുകാർക്കോ പങ്കില്ലെന്നും വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്.

യുവ്കരണിന്റെ ജന്മദിനമായിരുന്നു ഞായറാഴ്ച. അന്ന് ഇരുവരും തമ്മിൽ ഫോണിൽ സംസാരിക്കുന്നതിനിടെ വഴക്കുണ്ടാവുകയും ചെയ്തു. ഇതിനുപിന്നാലെയാണ് യുവ്കരൺ സിമ്രാന്റെ വീട്ടിലെത്തി മൂവരെയും വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നീട് സ്വന്തം വീട്ടിൽ തിരിച്ചെത്തിയ യുവാവ് അതേ തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. കൃത്യം നടത്താൻ ഉപയോഗിച്ച തോക്ക് ഇയാളുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ചരൺജിത് സിങ് കാർഷിക സഹകരണ സൊസൈറ്റിയിലെ സെക്രട്ടറിയായി ജോലിചെയ്യുകയായിരുന്നു. ഇവരുടെ മകൻ മൻപ്രീത് സിങ് കഴിഞ്ഞ ഏഴ് വർഷമായി ബ്രിട്ടനിലാണ് താമസം.

Content Highlights:youth commits suicide after killing girl friend and her parents