തിരുവനന്തപുരം: മകൻ അമ്മയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തിരുവനന്തപുരം അയിരൂരിലെ വീട്ടിൽനടന്ന മർദനത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അയിരൂർ ഇടവ സ്വദേശി റസാഖ് എന്നയാളാണ് അമ്മയെ മർദിച്ചതെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
റസാഖ് അമ്മയെ ക്രൂരമായി മർദിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനൊപ്പം അമ്മയോട് തട്ടിക്കയറുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്. റസാഖിന്റെ സഹോദരിയാണ് ദൃശ്യങ്ങൾ പകർത്തിയത്.
ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവം കഴിഞ്ഞദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. സഹോദരി പുറത്തുവിട്ട ദൃശ്യങ്ങൾ ബന്ധുക്കൾ വഴിയാണ് പുറംലോകമറിഞ്ഞത്. തുടർന്ന് പോലീസ് ഇവരുടെ വീട്ടിലെത്തി കാര്യങ്ങൾ തിരക്കിയെങ്കിലും മകനെതിരേ പരാതിയില്ലെന്ന് അമ്മ മൊഴി നൽകിയെന്നാണ് വിവരം. എന്തായാലും നിലവിൽ റസാഖിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തിൽ എന്ത് നിയമനടപടി സ്വീകരിക്കാനാകുമെന്നും പോലീസ് ആലോചിക്കുന്നുണ്ട്.
റസാഖ് നിലവിൽ അഞ്ചലിലെ ഒരു വീട്ടിൽ ഒരു സ്ത്രീയോടൊപ്പം താമസിക്കുന്നതായാണ് വിവരം. ഇയാളെ അന്വേഷിച്ചുവരികയാണെന്നാണ് പോലീസിന്റെ പ്രതികരണം. റസാഖിനെ കണ്ടെത്തിയാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. സംഭവത്തിൽ കേസെടുക്കുമെന്ന് തിരുവനന്തപുരം റൂറൽ എസ്.പി.യും അറിയിച്ചു.
Content Highlights:youth attacks his mother in ayiroor trivandrum video goes viral in social media