കൊല്ലം: കഞ്ചാവ് ലഹരിയിലായ രണ്ടു യുവാക്കള്‍ അക്രമകാരികളായതിനെ തുടര്‍ന്ന് വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു.ചൊവ്വാഴ്ച രാത്രി അഞ്ചാലുംമൂട് ജങ്ഷനിലാണ് സംഭവങ്ങള്‍ക്ക് തുടക്കം. ആക്രമണവുമായി ബന്ധപ്പെട്ട് തൃക്കരുവ പ്രാക്കുളം തണലിടം വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ശക്തികുളങ്ങര കന്നിമേല്‍ചേരി അയനിയില്‍വീട്ടില്‍ സൂരജ് (23), സുഹൃത്ത് ശക്തികുളങ്ങര പഴമ്പള്ളിമഠത്തില്‍ ശരത് (23) എന്നിവരെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു.

പോലീസ് പറഞ്ഞത്: ചൊവ്വാഴ്ച രാത്രിയോടെ പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അഞ്ചാലുംമൂട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുമുന്നില്‍വെച്ച് അഞ്ചാലുംമൂട്ടില്‍ പൂക്കട നടത്തുന്ന അജിയുടെ കാറില്‍ ഇടിച്ചു. ചോദ്യംചെയ്ത അജിയെ യുവാക്കള്‍ സംഘംചേര്‍ന്നു മര്‍ദിച്ചു. ഹെല്‍മെറ്റ് ഉപയോഗിച്ച് തല അടിച്ചുപൊട്ടിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കള്‍ ബൈക്ക് മുന്നോട്ടെടുത്തപ്പോള്‍ തൃക്കരുവ സ്വദേശി ഉല്ലാസിന്റെ കാലില്‍ ഇടിച്ചു. ഒട്ടേറെപ്പേര്‍ക്ക് യുവാക്കളുടെ അടിയേറ്റു. പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് യുവാക്കളെ പിടികൂടുകയായിരുന്നു.

സ്റ്റേഷനിലെത്തിയ യുവാക്കള്‍ അവിടെയും അക്രമം കാട്ടി. ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ അജിമോളെ യൂണിഫോമില്‍ പിടിച്ചുവലിക്കുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്തു. സ്റ്റേഷനിലെ 5,000 രൂപ വിലവരുന്ന ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്തു.

പരിക്കേറ്റ അജിമോള്‍, ഉല്ലാസ്, അജി എന്നിവരെ വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സ നല്‍കി. ഇരുസംഭവങ്ങള്‍ക്കും പോലീസ് പ്രത്യേകം കേസെടുത്തിട്ടുണ്ട്. അഞ്ചാലുംമൂട് സ്റ്റേഷന്‍ എസ്.എച്ച്.ഒ. സി.ദേവരാജന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ ബി.ശ്യാം, എന്‍.ജെ.ഹരികുമാര്‍, വി.ജയപ്രകാശന്‍, എസ്.പ്രദീപ്കുമാര്‍, പി.എസ്.ലഗോഷ്‌കുമാര്‍, എ.എസ്.ഐ. വി.ബിജു, സി.പി.ഒ.മാരായ സുമേഷ്, വിക്ടര്‍, നജീബ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

Content Highlights: youth attacked lady police officer inside station