വര്‍ക്കല: വര്‍ക്കലയിലെ റിസോര്‍ട്ടില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കൊല്ലം സ്വദേശികളായ രണ്ടു പ്രതികള്‍കൂടി അറസ്റ്റില്‍. കൊല്ലം തൃക്കോവില്‍വട്ടം ചെന്താപ്പൂര്‍ തടത്തില്‍ പടിഞ്ഞാറ്റില്‍ വീട്ടില്‍ പൊടിമോന്‍ എന്ന നൗഫല്‍(23), കൊല്ലം അയത്തില്‍ അനുഗ്രഹ നഗറില്‍ നെടിയവിള കല്ലുംപുറത്ത് വീട്ടില്‍ സമീര്‍(47) എന്നിവരെയാണ് വര്‍ക്കല പോലീസ് അറസ്റ്റുചെയ്തത്.

കൊല്ലം തഴുത്തല പുതുച്ചിറ ഷെമീന മന്‍സിലില്‍ ഷഫീക്കിനെ(28) കൊല്ലാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കേസില്‍ അഞ്ചു പ്രതികളെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.

അറസ്റ്റിലായ നൗഫല്‍ കേസിലെ മൂന്നാം പ്രതിയും സമീര്‍ എട്ടാം പ്രതിയുമാണ്. കൊല്ലം ടൗണില്‍നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 11-നാണ് സംഭവം നടന്നത്.

ഷഫീക്ക് താമസിച്ചിരുന്ന വര്‍ക്കല ക്ലിഫിലെ മാംഗോ റിസോര്‍ട്ടില്‍ കയറി ദേഹമാസകലം വടിവാളിനു വെട്ടുകയും ചുറ്റികയ്ക്കു കാല്‍മുട്ട് അടിച്ചുപൊട്ടിക്കുകയും ചെയ്‌തേശഷം കാറില്‍ തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് കൊല്ലം കിളികൊല്ലൂര്‍ ചെന്താപ്പൂരില്‍ കൊണ്ടുപോയി കെട്ടിയിട്ടു മര്‍ദിച്ചശേഷം മരിച്ചുവെന്നു കരുതി പരവൂര്‍ പോളച്ചിറ ഏലായില്‍ ഉപേക്ഷിക്കുകയായിരുന്നു.

പരിക്കേറ്റ ഷഫീക്കും ഈ കേസിലെ ഒന്നാം പ്രതി കൊല്ലം സ്വദേശി അജിംഷായും തമ്മില്‍ കാര്‍ വാടകയ്‌ക്കെടുത്തതുസംബന്ധിച്ച തര്‍ക്കമാണ് അക്രമത്തിലേക്കു നയിച്ചത്. കഴിഞ്ഞ ജനുവരി ഒന്‍പതിന് മറ്റുപ്രതികളായ കൊല്ലം കൊള്ളി നിയാസ്, മുഹമ്മദ് അസ്ലം, നവാസ്, സഞ്ജു എന്നിവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. തുടര്‍ന്ന് അജിംഷായെയും പോലീസ് പിടികൂടി. അന്ന് ഒളിവില്‍പ്പോയവരില്‍ രണ്ടുപേരാണ് ഇപ്പോള്‍ അറസ്റ്റിലായത്. ഇനി മൂന്നു പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.

വര്‍ക്കല ഡിവൈ.എസ്.പി. എന്‍.ബാബുക്കുട്ടനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്.പ്രശാന്ത്, എസ്.ഐ. അജിത് കുമാര്‍, സി.പി.ഒ.മാരായ അന്‍സാര്‍, പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.