വള്ളികുന്നം: അഞ്ചു ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. ഭരണിക്കാവ് കട്ടച്ചിറ സജിഭവനില്‍ ടിനു ജോര്‍ജി(28)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. ജില്ലാ പോലീസ് സൂപ്രണ്ടിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഇയാളുടെ വീട് ചൊവ്വാഴ്ച രാവിലെ റെയ്ഡുചെയ്താണ് മയക്കുമരുന്നു കണ്ടെടുത്തത്.

നര്‍ക്കോട്ടിക് ഡിവൈ.എസ്.പി. ബിനുകുമാര്‍, ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ്, വള്ളികുന്നം പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എം. ഇഗ്‌നേഷ്യസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എന്നിവര്‍ ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.

ബെംഗളൂരുവില്‍നിന്നാണ് ഇയാള്‍ മയക്കുമരുന്നു കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. അവിടത്തെ കോളേജുകളില്‍ ഇവിടെനിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നഴ്‌സിങ് അഡ്മിഷന്‍ തരപ്പെടുത്തിനല്‍കുന്നതിനായി അടുത്തിടെ പോകുന്നതിന്റെ മറവിലാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. നിരവധി ക്രിമിനല്‍ക്കേസുകളിലും ഇയാള്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു.