കോട്ടയ്ക്കല്‍: രേഖകളില്ലാതെ വാഹനത്തില്‍ കടത്തിയ 1.53 കോടി രൂപയുമായി രണ്ടുപേര്‍ അറസ്റ്റില്‍. കരിങ്കപ്പാറ ഓമച്ചപ്പുഴ മേനാട്ടില്‍ അഷ്‌റഫ്(38), കോട്ടയ്ക്കല്‍ ചങ്കുവെട്ടിക്കുണ്ട് നമ്പ്യാടത്ത് അബ്ദുള്‍റഹ്മാന്‍ (36) എന്നിവരെയാണ് കോട്ടയ്ക്കല്‍ പുത്തൂരില്‍ പോലീസിന്റെ പ്രത്യേകസംഘം പിടികൂടിയത്.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ഒഴിഞ്ഞ പഴപ്പെട്ടികളുമായി വന്ന മിനിലോറിയില്‍ ഡ്രൈവറുടെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.

പഴയ സ്വര്‍ണംവാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നയാള്‍ നിര്‍ദേശിച്ചതനുസരിച്ച് കോയമ്പത്തൂരിലെ ഉക്കടം സ്വദേശിയില്‍നിന്ന് വാങ്ങിക്കൊണ്ടുവരുന്ന പണമാണിതെന്നാണ് പ്രതികള്‍ പോലീസിനുനല്‍കിയ മൊഴി.

എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. കുഴല്‍പ്പണ ഇടപാടുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കും. തിരഞ്ഞെടുപ്പിന്റെ സമയമായതിനാല്‍ അതുമായി പണക്കടത്തിന് ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

ജില്ലാ പോലീസ് മേധാവി സുജിത് ദാസിനുകിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്നാണ് പ്രത്യേകസംഘത്തിലുള്‍പ്പെട്ട ഉദ്യോഗസ്ഥരും കോട്ടയ്ക്കല്‍പോലീസും ചേര്‍ന്ന് പ്രതികളെ പിടിച്ചത്.