നെല്ലുവായ്: നെല്ലുവായ് പാണാട്ടുകാവ് ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് കഞ്ചാവുമായി മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. എരുമപ്പെട്ടി പഞ്ചായത്ത് അഞ്ചാംവാർഡ് വൊളന്റിയർ നെല്ലുവായ് കള്ളിവളപ്പിൽ വീട്ടിൽ സുബീഷ് (32), കാരപറമ്പിൽ വീട്ടിൽ ശ്രീരാഗ് (24), എരുമപ്പെട്ടി താളിക്കപറമ്പിൽ വീട്ടിൽ മുഹമ്മദ് ഹാരിസ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇൻസ്പെക്ടർ എം.ബി. ലത്തീഫും സംഘവും നെല്ലുവായ്-പട്ടാമ്പി റോഡിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് മൂവരും പിടിയിലായത്. ഇവരുടെ കൈയിലുണ്ടായിരുന്ന ചെറിയ ബാഗിൽ ഇല രൂപത്തിലും പൊടി രൂപത്തിലുമുള്ള കഞ്ചാവാണ് ഉണ്ടായിരുന്നത്. കൂടാതെ, വെളുത്ത നിറത്തിലുള്ള പൊടിയും പിടിച്ചെടുത്തിട്ടുണ്ട്.

വലിയ കഞ്ചാവ് പൊതി മാറ്റി ചെറിയ പൊതികളാക്കുന്നതിനിടെയാണ് പോലീസ് എത്തിയത്.

അടുത്തിടെ ഗൾഫിൽനിന്നെത്തിയ സുബീഷ് സന്നദ്ധപ്രവർത്തനത്തിൽ സജീവമായിരുന്നു. മൂന്നാംവാർഡിലെ ഇടതുപക്ഷ സഹയാത്രികനായ സുബീഷിന് അഞ്ചാംവാർഡിലെ വൊളന്റിയർ കാർഡാണ് പഞ്ചായത്ത് നൽകിയിരുന്നത്. വൊളന്റിയർ കാർഡ് ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം ഉണ്ടായിരുന്നെങ്കിലും പഞ്ചായത്ത് അധികൃതർ പരിശോധിക്കാൻ തയ്യാറായിരുന്നില്ല.

മുമ്പ് ചന്ദനം കടത്തിയ കേസിലെ പ്രതിയാണ് ഹാരിസ്. നെല്ലുവായ് പരിസരത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വ്യാപകമായി കഞ്ചാവ് വിൽക്കുന്നതായി പരാതിയുണ്ട്. എസ്.ഐ. കെ. അബ്ദുൾ ഹക്കീം, എസ്.സി.പി.ഒ. ഐ.ബി. ഷാജൻ, സി.പി.ഒ.മാരായ സി.ആർ. ശ്രീനാഥ്, എസ്. തോമസ് എന്നിവർ പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.