കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് ലഹരിഗുളികകളുമായി പിടിയില്‍. എറണാകുളം കോടംകുളങ്ങര സ്വദേശി മണപുരക്കല്‍ ടിനു സണ്ണിയെയാണ് തൃപ്പുണിത്തുറ എക്‌സൈസ് സംഘം പിടികൂടിയത്. മാനസികരോഗികള്‍ക്ക് നല്‍കുന്ന 26 ഗ്രാം നൈട്രോസെപാം ഗുളികകള്‍ ഇയാളില്‍നിന്ന് പിടിച്ചെടുത്തു. 

ഡോക്ടര്‍മാരുടെ വ്യാജ കുറിപ്പടികള്‍ തയ്യാറാക്കിയാണ് ഇയാള്‍ ഗുളികകള്‍ വാങ്ങിയിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരട്ടിവിലയ്ക്കാണ് ഇത് യുവാക്കള്‍ക്ക് വിറ്റിരുന്നത്. വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെയാണ് ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. 17 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ടിനുവിനെ നേരത്തെ കാപ്പ നിയമപ്രകാരം ജയിലിലാക്കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

തൃപ്പുണിത്തുറ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജുവര്‍ഗീസ്, പ്രിവന്റീവ് ഓഫീസര്‍ മാനുവല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജോതിഷ് , വിനീത് ശശി, അജയ കുമാര്‍, കനക എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.