തിരുവനന്തപുരം: തൃശ്ശൂരിൽനിന്ന് തിരുവനന്തപുരം വരെ ഓട്ടോറിക്ഷ പിടിച്ച് എത്തിയശേഷം പണം നൽകാതെ കടന്നുകളഞ്ഞയാളെ തമ്പാനൂർ പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര ബഥേൽ ഹൗസിൽ നിഷാദാ(27)ണ് പിടിയിലായത്. ഓട്ടോറിക്ഷയുടെ യാത്രാക്കൂലിയും കടം വാങ്ങിയ തുകയും ഉൾപ്പടെ 7500 രൂപയാണ് ഇയാൾ നൽകാനുണ്ടായിരുന്നത്. ചാലക്കുടി സ്വദേശി രേവത് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിഷാദിനെ തിരിച്ചറിഞ്ഞത്.

ജൂലായ് 28-നായിരുന്നു സംഭവം. രാത്രി 10.30-ഓടെ സവാരി മതിയാക്കി വീട്ടിലേക്കു പോകാനൊരുങ്ങുമ്പോഴായിരുന്നു രേവതിന്റെ ഓട്ടോറിക്ഷ ഇയാൾ വിളിച്ചത്. അമ്മ മരിച്ചുവെന്നും പെട്ടെന്ന് തിരുവനന്തപുരത്ത് എത്തണമെന്നുമാണ് ഇയാൾ പറഞ്ഞത്. കൈയിൽ പണമില്ലെന്നും തിരുവനന്തപുരത്ത് എത്തിയിട്ട് തരാമെന്നും പറഞ്ഞു. ഫോണിലൂടെ ബന്ധുവാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആളും പണം തരാമെന്ന് ഉറപ്പു നൽകിയതോടെ രേവത് തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. ഇടയ്ക്ക് വഴിയിൽനിന്ന് ഭക്ഷണവും വാങ്ങിനൽകി.

തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് അമ്മയുള്ളതെന്നും അങ്ങോട്ട് പോകണമെന്നും പറഞ്ഞു. ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ അകത്തുപോയി നോക്കിയിട്ടു വരാമെന്ന് പറഞ്ഞ് ഇയാൾ പോയി. പിന്നെ ഇയാളെ കാണാതാവുകയായിരുന്നു. ഒരു മണിക്കൂറിനുശേഷം ഇയാൾ തിരികെയെത്താതിരുന്നപ്പോൾ സംശയം തോന്നി തമ്പാനൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. സി.സി.ടി.വി. ക്യാമറാദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Content Highlights:youth arrested in trivandrum for cheating an auto driver from thrissur