മെഡിക്കൽ കോളേജ്(തൃശ്ശൂർ): ഗവ. മെഡിക്കൽ കോളേജ് കാമ്പസിൽ സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് സംഭവങ്ങളിലാണ് അറസ്റ്റ്. തിരുവല്ല കപ്പത്തിൽ ഗോപീകൃഷ്ണ (20)നാണ് അറസ്റ്റിലായത്. പാർളിക്കാട് നടരാജഗിരി ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ കീഴ്ശാന്തിയാണിയാൾ.

ഈ മാസം എട്ടിന് ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന നഴ്സിനെ ഇയാൾ അപമാനിക്കാൻ ശ്രമിച്ചു. പിന്നീട് പതിനൊന്നിന് ഡെന്റൽ കോളേജ് വിദ്യാർഥിനിയെയും ഇയാൾ ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്യുകയുണ്ടായി. സംഭവശേഷം പ്രതി ഒളിവിൽ പോയി.

മെഡിക്കൽ കോളേജ് പരിസരത്ത് വിദ്യാർഥിനികളെയും നഴ്സുമാരെയും ഇയാൾ പതിവായി ശല്യം ചെയ്യുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റു പരാതികളുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരേ കൂടുതൽ കേസുകൾ ഉടൻ രജിസ്റ്റർ ചെയ്യുമെന്നും പോലീസ് പറഞ്ഞു. സ്റ്റേഷൻ ഹൗസ് ഓഫീസർ എ. അനന്തലാൽ, എസ്.ഐ. വിജയരാജൻ, ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അംബിക, രാഹുൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.