കാളികാവ്: ചില്ലറ ചോദിച്ച് പണം തട്ടിപ്പറിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍. മമ്പാട് ചളിപ്പാടം മുണ്ടന്‍പറമ്പത്ത് സുധീഷ് (20) ആണ് കാളികാവ് പോലീസിന്റെ പിടിയിലായത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് സംഘം പിടിച്ചുപറി നടത്തിയിട്ടുണ്ട്. കാളികാവ് പുറ്റമണ്ണയിലെ തുണിക്കടയില്‍നിന്ന് ചൊവ്വാഴ്ച സുധീഷ് 2,000 രൂപ കൈക്കലാക്കി കടന്നുകളഞ്ഞു. അടുത്ത കടയില്‍ നിന്നാണെന്നും മറ്റും പറഞ്ഞ് ചില്ലറ ചോദിച്ചെത്തുന്ന ഇവര്‍ മുഴുവന്‍ പണമില്ലെങ്കില്‍ ഉള്ളത് കൈക്കലാക്കും. പകരം പണം നല്‍കാതെ ബൈക്കില്‍ തടിതപ്പും. വേഗത കൂടിയ ആഡംബര ബൈക്കിലാണ് സംഘമെത്തുന്നത്.

സംഘത്തിലെ പ്രധാനകണ്ണിയാണ് സുധീഷ് എന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച പണം കൈക്കലാക്കി കടന്ന് കളയുന്നതിനിടയില്‍ പോലീസ് പിടിക്കാന്‍ ശ്രമിച്ചെങ്കിലും സുധീഷ് വെട്ടിച്ച് കടന്നു.

ബൈക്കിന്റെ നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു മണിക്കൂറിനകം പിടികൂടുകയായിരുന്നു. പിടിച്ചുപറിക്ക് വാടകക്കെടുത്ത ബൈക്കുകളാണ് ഉപയോഗിക്കുന്നത്.

സുധീഷ് കൊടുവള്ളിയിലെ മോഷണക്കേസിലും എടവണ്ണ സ്റ്റേഷനിലെ പോക്‌സോ കേസിലും പ്രതിയാണ്. കാളികാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ ജോഷി ജോസിന്റെ നേതൃത്വത്തില്‍ എസ്.ഐ. അജിത്കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ടി. ആഷിഫലി, പ്രിന്‍സ്, ഉജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.