പാപ്പിനിശ്ശേരി(കണ്ണൂര്‍): യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ അരോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുസമീപത്തെ വിഷ്ണു ശങ്കറിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് യുവതിയെ നിരവധി തവണ പറശ്ശിനിക്കടവിലുള്ള ലോഡ്ജില്‍ എത്തിച്ച് വിഷ്ണുശങ്കര്‍ പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവശേഷം ഒളിവിലായിരുന്ന വിഷ്ണുശങ്കറിനെ ശനിയാഴ്ച രാവിലെ അരോളിയിലെ ഒളിത്താവളത്തില്‍വെച്ചാണ് ഇന്‍സ്‌പെക്ടര്‍ രാജേഷ് മാര്യാംഗലത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

യുവതി പോലീസില്‍ പരാതി നല്‍കിയതറിഞ്ഞ വിഷ്ണുശങ്കര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ചെന്നൈ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനുശേഷം നാട്ടില്‍ തിരിച്ചെത്തി. ഒളിവില്‍ കഴിയുന്നതിനിടയില്‍ വിഷ്ണുശങ്കര്‍ പുതുതായി സംഘടിപ്പിച്ച ഫോണ്‍ നമ്പര്‍ പോലീസിന് ലഭിച്ചതിനെ തുടര്‍ന്ന് സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണത്തിലാണ് വാസസ്ഥലം കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. മുമ്പ് അരോളിയിലെ സജീവ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായിരുന്ന വിഷ്ണുശങ്കര്‍ 2016-ല്‍ അരോളിയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ സജിത്തിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ലോക്ഡൗണ്‍ സമയത്ത് ചാരായം വാറ്റിയതിന് പാപ്പിനിശ്ശേരി എക്‌സൈസ് അന്വേഷിക്കുന്ന കേസിലും മണല്‍ കടത്ത് കേസിലും വിഷ്ണുശങ്കറിനെ പ്രതി ചേര്‍ത്തിട്ടുണ്ട്.

സബ് ഇന്‍സ്‌പെക്ടര്‍ സുവര്‍ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, സിനോബ്, ശ്രീജിത്ത്, കമലേഷ്, സുഭാഷ് എന്നിവര്‍ വിഷ്ണുശങ്കറിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.