മാവൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ നല്‍കി പെണ്‍കുട്ടിക്ക് അശ്ലീലസന്ദേശം അയച്ച പരാതിയില്‍ യുവാവിനെ മാവൂര്‍ പോലീസ് അറസ്റ്റുചെയ്തു. താത്തൂര്‍ സ്വദേശി ജംഷാദിനെയാണ് (36) പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തത്.

ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിന്റെ പേരില്‍ പ്രയാസപ്പെടുന്നവര്‍ക്ക് ഫോണ്‍ വാങ്ങിനല്‍കുകയും തുടര്‍ന്ന് കുട്ടികളുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. ഇതുവഴി കുട്ടികള്‍ക്ക് അശ്ലീലസന്ദേശം അയയ്ക്കുകയാണെന്ന് പോലീസ് പറഞ്ഞു. നേരത്തെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാളെ മുക്കംപോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാളെ പോക്‌സോകേസുകള്‍ കൈകാര്യം ചെയ്യുന്ന സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കി.

പ്രിന്‍സിപ്പല്‍ എസ്.ഐ. വി.ആര്‍. രേഷ്മയുടെ നേതൃത്വത്തില്‍ എ.എസ്.ഐ. സജീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ ബിജു, എം.സി. ലിജുലാല്‍, സുമോദ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് അന്വേഷിച്ചത്.