എരുമപ്പെട്ടി: ഫെയ്സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് ബാലികയെ ചൂഷണം ചെയ്ത കേസിൽ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആര്യനാട് കുറ്റിച്ചാൽ വൈലാമൂട് തടത്തരികത്ത് വീട്ടിൽ രവിയുടെ മകൻ വിനീഷ് കുമാറാ(22)ണ് അറസ്റ്റിലായത്.

സ്കൂൾ അധികൃതരുടെ പരാതിയിൽ എരുമപ്പെട്ടി പോലീസാണ് പോക്സോ കേസെടുത്തത്. സൈബർ സെൽ പോലീസ് ഇന്റർനെറ്റ് ദാതാവിന്റെയും ഫെയ്സ്ബുക്കിന്റെയും സഹായത്തോടെയാണ് ഫെയ്സ്ബുക്ക് പ്രൊഫൈൽ അവസാനിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കണ്ടെത്തിയത്.

അമ്മയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് യുവാവ് ഫെയ്സ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കിയിരുന്നത്. എസ്.എച്ച്.ഒ. ഇൻസ്പെക്ടർ എം.ബി. ലത്തീഫ്, എസ്.ഐ. കെ. അബ്ദുൾ ഹക്കീം, തൃശ്ശൂർ സൈബർ പോലീസ് എ.എസ്.ഐ. ഫീസ്റ്റോ, സി.പി.ഒ. മാരായ എസ്. ഗിരീശൻ, പി.ബി. മിനി എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.