പേരാമ്പ്ര: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ടശേഷം വിവാഹവാഗ്ദാനം നല്‍കി 16-കാരിയെ പീഡിപ്പിക്കുകയും സ്വര്‍ണാഭരണം തട്ടിയെടുക്കുകയും ചെയ്തുവെന്ന കേസില്‍ യുവാവ് അറസ്റ്റിലായി.

മഞ്ചേരി പുല്‍പ്പെറ്റ തടിക്കുന്ന് ആലിങ്ങപറമ്പില്‍ വി. സന്‍ഫില്‍ (21) ആണ് അറസ്റ്റിലായത്. അഞ്ചുമാസംമുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതെന്നും വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കി പിന്നീട് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പീഡനം നടന്നതെന്നും പോലീസ് പറഞ്ഞു.

ഏഴുപവനോളം സ്വര്‍ണാഭരണങ്ങള്‍ പെണ്‍കുട്ടിയില്‍നിന്ന് യുവാവ് വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് യുവാവിനെ വിവരമൊന്നും ലഭിക്കാതായതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പേരാമ്പ്ര സി.ഐ. കെ. സുമിത്ത് കുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. പി.കെ. ശ്രീജിത്ത്, സി.പി.ഒ.മാരായ കെ. അജീഷ് കുമാര്‍, രതീഷ്, ഷിജു എന്നിവടങ്ങിയ സംഘം മഞ്ചേരിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് പോക്സോ കോടതി സന്‍ഫിലിനെ റിമാന്‍ഡ് ചെയ്തു.

Content Highlights: youth arrested in perambra for raping minor girl