പനമരം: വയനാട് പനമരത്ത് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലപ്പെട്ട ദമ്പതികളുടെ അയല്‍വാസിയായ അര്‍ജുന്‍ എന്ന യുവാവാണ് പിടിയിലായത്.

കഴിഞ്ഞ മൂന്ന് മാസമായി പോലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് കേസില്‍ അന്വേഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞയാഴ്ച അര്‍ജുനെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിരുന്നു. പിന്നാലെ അര്‍ജുന്‍ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടര്‍ന്ന് ആശുപത്രിയിലായി. അര്‍ജുന്‍ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിഐജിയും ജില്ലാ പോലീസ് മേധാവിയും ഇന്ന് മാധ്യമങ്ങളെക്കണ്ട് കേസിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തും.

ജൂണ്‍ പത്തിനാണ് കൊലപാതകം നടന്നത്. റിട്ട. കായികാധ്യാപകന്‍ നെല്ലിയമ്പം കാവടം പത്മാലയത്തില്‍ കേശവന്‍ (75), ഭാര്യ പത്മാവതി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. വയറിന് വെട്ടേറ്റ കേശവന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. കഴുത്തിന് വെട്ടേറ്റ പത്മാവതി വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.

ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയശേഷം ബെംഗളൂരുവിലും ചെന്നൈയിലും ജോലി ചെയ്തിരുന്ന യുവാവാണ് കേസില്‍ അറസ്റ്റിലസായിട്ടുള്ളത്. ലോക്ഡൗണ്‍ കാലത്താണ് ഇയാള്‍ നാട്ടിലെത്തിയത്. ജോലി നഷ്ടമായതിനെ തുടര്‍ന്ന് ഇയാള്‍ നാട്ടില്‍ മറ്റുജോലികള്‍ ചെയ്തിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

കാപ്പിത്തോട്ടത്തിന് നടുവിലെ ഇരുനിലവീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. ഒഴിഞ്ഞ പ്രദേശത്താണ് വീട്. കേശവനും പത്മാവതിയും മാത്രമാണ് സംഭവ ദിവസം വീട്ടില്‍ ഉണ്ടായിരുന്നത്. പത്മാവതിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്.

Content Highlights: Youth arrested in Panamaram double murder case