നെടുമങ്ങാട്: ആഡംബരജീവിതം നയിക്കുന്നതിന് കോടികളുടെ തട്ടിപ്പുനടത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. നെടുമങ്ങാട് അരശുപറമ്പ് ജീവാഭവനില്‍ ജി.ജിതിന്‍ (31) നെയാണ് നെടുമങ്ങാട് എ.എസ്.പി. രാജ്പ്രസാദും സംഘവും അറസ്റ്റുചെയ്തത്.

പലരില്‍നിന്നായി നാലുകോടിയോളം രൂപ ഇയാള്‍ തട്ടിയെടുത്തതായി പോലീസ് പറയുന്നു. ബിസിനസില്‍ പങ്കാളിയാക്കാം എന്നുവിശ്വസിപ്പിച്ചാണ് തട്ടിപ്പുനടത്തിയത്. വിശ്വാസം പിടിച്ചുപറ്റുന്നതിനായി ആദ്യഘട്ടങ്ങളില്‍ ഇയാള്‍ 2 ശതമാനം മുതല്‍ 18 ശതമാനം വരെ പലിശ നല്‍കിയിരുന്നു. കൂടുതല്‍ വിശ്വാസത്തിനായി തന്റെ വീടിന്റെതന്നെ ആധാരവും കരാറായി എഴുതിനല്‍കിയിരുന്നു. കൂടാതെ തുകയെഴുതാത്ത ചെക്കുകളും ഒപ്പിട്ടുനല്‍കി.

2017-മുതല്‍ ജിതിന്‍ ചെറിയതോതില്‍ ആരംഭിച്ച തട്ടിപ്പുകള്‍ പിന്നീട് വിപുലമാക്കുകയായിരുന്നു. തട്ടിപ്പുനടത്തിയ പണത്തില്‍ ഏറിയഭാഗവും ആഡംബരജീവിതത്തിനുവേണ്ടിയാണ് ഇയാള്‍ ചെലവിട്ടത്. ദുബായ്, സിങ്കപ്പുര്‍, കൊല്‍ക്കത്ത, ബെംഗളൂരു, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ബിസിനസ് ഉണ്ടെന്നും അതിന്റെ ലാഭമാണ് പലിശയായി നല്‍കുന്നതെന്നുമാണ് നിക്ഷേപകരെ ധരിപ്പിച്ചത്. ഒന്നരലക്ഷം മുതല്‍ 46 ലക്ഷം വരെ ജിതിന് നല്‍കിയവരുണ്ട്.

നിലവില്‍ 41 പേരില്‍ നിന്നുമുള്ള പരാതികളാണ് നെടുമങ്ങാട് പോലീസിനു ലഭിച്ചിട്ടുള്ളത്.തുടര്‍ന്ന് പോലീസ് പ്രത്യേക അന്വേഷണസംഘം സംസ്ഥാനത്തിനകത്തും പുറത്തും പരിശോധന ആരംഭിച്ചു. ഫോണ്‍ പലപ്പോഴും സ്വിച്ച് ഓഫ് ആയിരുന്നു. കഴിഞ്ഞദിവസം രാത്രി വട്ടപ്പാറയിലെ ഭാര്യവീട്ടിലെത്തിയ ജിതിനെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. സംസ്ഥാനത്തിനു പുറത്തും സമാനമായി തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പാലോട് സി.ഐ. സി.കെ.മനോജ്, അരുവിക്കര എസ്.ഐ. എസ്.അന്‍സാരി, നെടുമങ്ങാട് ഗ്രേഡ് എസ്.ഐ. പ്രകാശ്, ഷാഡോ ഗ്രേഡ് എസ്.ഐ.മാരായ ഷിബു, സുനില്‍ലാല്‍, സജു, നെവില്‍രാജ്, നെടുമങ്ങാട് ഗ്രേഡ് എസ്.ഐ. സൈനി കുമാരി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.