കുന്നിക്കോട്(കൊല്ലം) : വീടിന്റെ മട്ടുപ്പാവില്‍ കഞ്ചാവുചെടി വളര്‍ത്തിയ സംഭവത്തില്‍ യുവാവിനെ പോലീസും എക്‌സൈസുംചേര്‍ന്ന് പിടികൂടി. തലവൂര്‍ വടകോട് മില്ലുമുക്കിനുസമീപം രാജന്‍ ഭവനില്‍ റോജന്‍ (19) ആണ് പിടിയിലായത്.

യുവാവടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തില്‍ കഞ്ചാവ് കൈമാറ്റവും ഉപയോഗവും പതിവുണ്ടെന്ന് കൊട്ടാരക്കര ഡിവൈ.എസ്.പി. സുരേഷിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിലാണ് 15 സെന്റിമീറ്റര്‍ ഉയരമുള്ള കഞ്ചാവുചെടി കണ്ടെത്തിയത്. വീടിന്റെ മട്ടുപ്പാവില്‍ ചെടിച്ചട്ടിയിലാണ് കഞ്ചാവ് വളര്‍ത്തിയിരുന്നത്. 

കുന്നിക്കോട് എസ്.ഐ. ജിനു, ഗ്രേഡ് എസ്.ഐ.മാരായ രാധാകൃഷ്ണന്‍, സന്തോഷ്, പത്താനാപുരം എക്‌സൈസ് റേഞ്ചിലെ അസി. എക്‌സൈസ് ഇന്‍സ്പെക്ട ര്‍ സി.പി.ദിലീപ്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എം.ബൈജു, ഗ്രേഡ് എ.എസ്.ഐ. ലാലു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയും അറസ്റ്റും നടത്തിയത്.