ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പെൺകുട്ടികളുടെ അയൽക്കാരനായ അങ്കിത് ജാദവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഒത്താശ ചെയ്തതിന് അങ്കിതിന്റെ പിതാവായ ഗോപാലും കേസിൽ പ്രതിയാണെന്നും ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

അയൽക്കാരായ 16 വയസ്സുകാരിയെയും സഹോദരിയെയുമാണ് അങ്കിത് പീഡനത്തിനിരയാക്കിയത്. 16 വയസ്സുകാരി കുളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അങ്കിത് നേരത്തെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ വീഡിയോ ഫെയ്സ്ബുക്കിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അങ്കിത് പെൺകുട്ടികളെ പീഡിപ്പിച്ചത്.

16 വയസ്സുകാരി കടയിലേക്ക് പോകുന്നതിനിടെ അങ്കിത് പെൺകുട്ടിയെ തടഞ്ഞുനിർത്തുകയും നേരത്തെ പകർത്തിയ വീഡിയോ കാണിക്കുകയും ചെയ്തു. തുടർന്ന് തന്റെ വീട്ടിലേക്ക് വരാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. വീട്ടിലേക്ക് വന്നില്ലെങ്കിൽ വീഡിയോ ഫെയ്സ്ബുക്കിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആറുമാസം മുമ്പായിരുന്നു ഈ സംഭവം.

ഭീഷണിയെ തുടർന്ന് അന്നേദിവസം വൈകിട്ട് തന്നെ പെൺകുട്ടി അങ്കിതിന്റെ വീട്ടിലെത്തി. ഇവിടെവെച്ച് അങ്കിത് പീഡിപ്പിക്കാൻ ശ്രമിച്ചതോടെ പെൺകുട്ടി വീട്ടിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ അങ്കിതിന്റെ പിതാവ് തടഞ്ഞുവെയ്ക്കുകയും പെൺകുട്ടിയെ ഇയാൾ വീണ്ടും മകന്റെ മുറിയിലേക്ക് പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. തുടർന്ന് യുവാവ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ഇതിനുപിന്നാലെയാണ് 16 വയസ്സുകാരിയുടെ മൂത്തസഹോദരിയെയും യുവാവ് പീഡനത്തിനിരയാക്കിയത്. 16-കാരിയുടെ കുളിക്കുന്ന വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു സഹോദരിയെയും പീഡിപ്പിച്ചത്. ഇതിനുശേഷവും ഉപദ്രവം തുടർന്നതോടെ പെൺകുട്ടികൾ മാതാപിതാക്കളോട് എല്ലാം തുറന്നുപറഞ്ഞു. തുടർന്ന് മാതാപിതാക്കൾ മാഹാരാജപുര പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് യുവാവിനെ പിടികൂടുകയുമായിരുന്നു.

Content Highlights:youth arrested in gwalior for raping sisters