ഇരവിപുരം : ഭാര്യയുടെ മരണശേഷം പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചുകടന്ന അച്ഛനെ ഒരുവര്‍ഷത്തിനുശേഷം ഇരവിപുരം പോലീസ് പിടികൂടി. വടക്കുംഭാഗം ഇരവിപുരം നഗര്‍-54, മനു കോട്ടേജില്‍ റോബിന്‍ (31) ആണ് അറസ്റ്റിലായത്. 2020 ഫെബ്രുവരിയിലാണ് ഇയാളെ കാണാതാകുന്നത്.

കേസ് എടുത്ത ഇരവിപുരം പോലീസ് കൊല്ലം സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്. എറണാകുളം ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ തിരുവനന്തപുരം അട്ടക്കുളങ്ങരയിലെത്തിയതായി സിറ്റി പോലീസ് കമ്മിഷണര്‍ ടി.നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സിറ്റി അസി. കമ്മിഷണര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇരവിപുരം എസ്.എച്ച്.ഒ. ധര്‍മജിത്ത്, എസ്.ഐ.മാരായ ദീപു, ഷെമീര്‍, സൂരജ്, സുതന്‍, ജയകുമാര്‍, ഷാജി, എസ്.സി.പി.ഒ.മാരായ അജയശേഖര്‍, സുമേഷ് ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.