കൊൽക്കത്ത: മാതാപിതാക്കളടക്കം കുടുംബത്തിലെ നാലു പേരെ കൊന്ന് കുഴിച്ചു മൂടിയെന്ന കേസിൽ 19-കാരൻ അറസ്റ്റിൽ. ബംഗാൾ മാൾഡ സ്വദേശിയായ ആസിഫ് മുഹമ്മദിനെയാണ് സഹോദരൻ ആരിഫിന്റെ(21) പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്.

മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയും ആസിഫ് കൊലപ്പെടുത്തി വീടിനോട് ചേർന്ന ഗോഡൗണിൽ കുഴിച്ചിട്ടെന്നാണ് ആരിഫിന്റെ പരാതിയിൽ പറയുന്നത്. ഇരുവരെയും പോലീസ് ചോദ്യംചെയ്തുവരികയാണ്. മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് പറയുന്ന സ്ഥലത്ത് പരിശോധന നടത്താനുള്ള നടപടികളും പോലീസ് ആരംഭിച്ചു.

ആസിഫ് തന്നെ കൊല്ലാൻ ശ്രമിച്ചതോടെയാണ് താൻ പോലീസിൽ പരാതി നൽകിയതെന്നാണ് ആരിഫ് പറഞ്ഞിട്ടുള്ളത്. സഹോദരന്റെ വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ ആരിഫ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് കുടുംബത്തിലെ നാലു പേരെ ആസിഫ് കൊലപ്പെടുത്തിയ വിവരവും വെളിപ്പെടുത്തിയത്. ഭയം കാരണമാണ് ഇക്കാര്യം നേരത്തെ പോലീസിൽ അറിയിക്കാതിരുന്നതെന്നും ആരിഫ് മൊഴി നൽകിയിട്ടുണ്ട്.

ഫെബ്രുവരി 28-നാണ് ആസിഫ് കുടുംബത്തിലെ നാലു പേരെ വെള്ളത്തിൽ മുക്കിക്കൊന്നതെന്നാണ് പരാതിയിലുളളത്. ശേഷം മൃതദേഹങ്ങൾ വീടിനോട് ചേർന്ന ഗോഡൗണിൽ കുഴിച്ചിടുകയായിരുന്നു. കൊല്ലപ്പെട്ട നാലു പേരെയും ഏതാനും മാസങ്ങളായി തങ്ങൾ കണ്ടിട്ടില്ലെന്നാണ് അയൽക്കാരും പറയുന്നത്. ഇവരെക്കുറിച്ച് അന്വേഷിച്ചപ്പോൾ അവരെല്ലാം കൊൽക്കത്തയിൽ പുതുതായി വാങ്ങിയ ഫ്ളാറ്റിൽ താമസിക്കാൻ പോയെന്നായിരുന്നു ആസിഫിന്റെ മറുപടിയെന്നും അയൽക്കാർ പ്രതികരിച്ചു.

നേരത്തെ പത്താം ക്ലാസ് പരീക്ഷ വിജയിച്ചതിന് പിന്നാലെ ആസിഫ് വീട് വിട്ടിറങ്ങിപ്പോയ സംഭവമുണ്ടായിട്ടുണ്ടെന്നും അയൽക്കാർ പറഞ്ഞു. മാതാപിതാക്കൾ ലാപ്ടോപ്പ് വാങ്ങി നൽകാത്തതിനാലാണ് ആസിഫ് അന്ന് വീട് വിട്ടിറങ്ങിയത്. പിന്നീട് തിരിച്ചെത്തിയ ശേഷം മാതാപിതാക്കൾ വിലകൂടിയ ലാപ്ടോപ്പ് വാങ്ങി നൽകിയിരുന്നു. ഇതിനൊപ്പം മറ്റു ചില ഇലക്ട്രോണിക് ഉപകരണങ്ങളും ഇയാളുടെ കൈവശമുണ്ടായിരുന്നു. താൻ ഒരു ആപ്പ് നിർമിച്ചുകൊണ്ടിരിക്കുകയാണെന്നും അതിലൂടെ വലിയ പണക്കാരനാകുമെന്നും ആസിഫ് നേരത്തെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇതിനിടെ, ഇയാൾ കുടുംബത്തിന്റെ ചില വസ്തുവകകൾ വിൽക്കാൻ ശ്രമിച്ചിരുന്നതായും അയൽക്കാർ വെളിപ്പെടുത്തി.

അതേസമയം, സംഭവത്തിൽ പോലീസ് ഇതുവരെ ഔദ്യോഗികമായ വിശദീകരണം നൽകിയിട്ടില്ലെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ, ആസിഫിന്റെ വീട്ടിൽ വൻ പോലീസ് സന്നാഹം എത്തിയതായും മൃതദേഹങ്ങൾ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുകളിലുണ്ട്.

Content Highlights:youth arrested in bengal malda for killing parents sister and grand mother