ആറ്റിങ്ങൽ: പ്രണയം വിലക്കിയതിന്റെ പകയിൽ സുഹൃത്തുക്കൾക്കൊപ്പം വീടുകയറി ആക്രമിച്ച കേസിൽ 18-കാരൻ അറസ്റ്റിൽ. കീഴാറ്റിങ്ങൽ അൽബുർഹാൻ കോളേജിനു സമീപം രാധാമന്ദിരത്തിൽ കാർത്തിക് (18) ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച വൈകീട്ട് 4 മണിയോടെ പൂവമ്പാറ ശിവഭദ്രാ ദേവീക്ഷേത്രത്തിനുസമീപം പുത്തൻവീട്ടിൽ നിധിനെയും (21) അമ്മയെയുമാണ് കാർത്തിക് ആക്രമിച്ചത്.

നിധിന്റെ ബന്ധുവായ പെൺകുട്ടിയുമായി കാർത്തിക്കിന് അടുപ്പമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പ്രണയം നിധിൻ വിലക്കിയതിലുള്ള പകയാണ് ആക്രമണത്തിനിടയാക്കിയത്. മാരകായുധംകൊണ്ടുള്ള അടിയേറ്റ് നിധിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണം തടയാൻ ശ്രമിച്ച നിധിന്റെ അമ്മയെ തള്ളിയിടുകയും മർദിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

ആക്രമണത്തിൽ കാർത്തിക്കിനൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ ഒളിവിലാണ്.

ഇൻസ്പെക്ടർ എസ്.ഷാജി, എസ്.ഐ.സനൂജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

Content Highlights:youth arrested in attingal for attacking family