തളിപ്പറമ്പ്: ബക്കളം ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട ഓട്ടോ ടാക്സിയില്‍നിന്ന് മോഷ്ടിച്ച എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത കേസില്‍ പുളിമ്പറമ്പ് ലക്ഷംവീട് കോളനിയിലെ തെരുപ്പറമ്പ് ഹൗസില്‍ ഗോകുലിനെ (28) പോലീസ് അറസ്റ്റുചെയ്തു.
ചൊക്ലി ഒളിവലത്തെ കെ.കെ.മനോജ്കുമാറിന്റെതാണ് എ.ടി.എം. കാര്‍ഡ്. വ്യാഴാഴ്ചയായിരുന്നു സംഭവം. തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന മനോജ്കുമാറിന്റെ വാഹനം യന്ത്രത്തകരാറുകാരണം ദേശീയപാതയില്‍ ബക്കളത്ത് നിര്‍ത്തിയിടേണ്ടിവന്നു. ഈസമയം സഹായിക്കാനെന്ന വ്യാജേന ഗോകുലന് വാഹനത്തിന് സമീപമെത്തി. വാഹനത്തിന്റെ പിന്‍സീറ്റില്‍ മനോജിന്റെ പേഴ്സടങ്ങിയ ബാഗ് സൂക്ഷിച്ചിരുന്നു. ഈ ബാഗില്‍നിന്ന് പേഴ്സും എ.ടി.എം. കാര്‍ഡും മോഷ്ടിക്കുകയായിരുന്നു.
വൈകിട്ട് എസ്.ബി.ഐ.യുടെ തൃച്ചംബരത്തെ എ.ടി.എമ്മില്‍നിന്ന് രണ്ടുതവണകളിലായി 5000 രൂപ വീതം പിന്‍വലിച്ചു. തുകയെടുത്തതിന്റെ സന്ദേശം മനോജ്കുമാറിന്റെ ഫോണില്‍ ലഭിച്ചിരുന്നു. ഉടനെ മനോജ് പോലീസില്‍ പരാതിപ്പെട്ടു. ഇതിനിടയില്‍ മോഷ്ടിച്ച എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് 60,000 രൂപയുടെ ഫോണ്‍ പ്രതി വാങ്ങി.
ഇത്രയുമായതോടെ മനോജ് ബാങ്കിലെത്തി അക്കൗണ്ട് മരവിപ്പിച്ചു.
അന്വേഷണസംഘം ബക്കളത്തെയും തളിപ്പറമ്പ് ടൗണിലെയും ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ ഗോകുലിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചു. തുടര്‍ന്നായിരുന്നു അറസ്റ്റ്.ഫോണ്‍ വാങ്ങിയത് തളിപ്പറമ്പിലെ കടയില്‍നിന്നാണെന്ന് കണ്ടെത്തി. ഇത് മറ്റൊരാള്‍ക്ക് 48,500 രൂപയ്ക്ക് വിറ്റതായും പോലീസ് പറഞ്ഞു. തളിപ്പറമ്പിലെ മൊബൈല്‍ക്കടയില്‍ തെളിവെടുപ്പിനെത്തിയപ്പോള്‍ ഗോകുല്‍ ഓടിരക്ഷപ്പെടാനുള്ള ശ്രമം നടത്തിയുരുന്നു. പോലീസ് ബലപ്രയോഗത്തിലൂടെയാണ് പിടിച്ചുനിര്‍ത്തിയത്.
ഡിവൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണമാരംഭിച്ചത്.
ഇന്‍സ്പെക്ടര്‍ വി.ജയകുമാര്‍, എസ്.ഐ. പി.എം.സുനില്‍കുമാര്‍, എ.എസ്.ഐ. പ്രകാശന്, സീനിയര്‍ സി.പി.ഒ.മാരായ ഇ.എന്‍.ശ്രീകാന്ത്, പ്രകാശന്, സിവില്‍ പോലീസ് ഓഫീസര്‍ പുഷ്പജന്‍ എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.