കോട്ടയം: വീട്ടമ്മയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. പാലാ വള്ളിച്ചിറ മണലേല്‍പ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പില്‍ വര്‍ക്കിയുടെ മകന്‍ ജെയ്‌മോന്‍(20) ആണ് പാലാ പോലീസിന്റെ പിടിയിലായത്.

സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങള്‍ അവരറിയാതെ ക്യാമറയിലും മൊബൈല്‍ ഫോണിലും പകര്‍ത്തിയ ശേഷം പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നഗ്‌നഫോട്ടോകളാക്കി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് പണം സമ്പാദിക്കുകയാണ് ഇയാള്‍ ചെയ്തതെന്ന് പാലാ എസ്. എച്ച്. ഒ കെ.പി. ടോംസണ്‍ പറഞ്ഞു.

ടെലഗ്രാം, ഷെയര്‍ ചാറ്റ് എന്നീ സമൂഹമാധ്യമങ്ങളില്‍ ഈ സ്ത്രീയുടെ പേരില്‍ അവരുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ചേര്‍ത്ത് ഇയാള്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചിരുന്നു. പിന്നീട് അപരിചിതരായ ആളുകളോട് സ്ത്രീയാണെന്ന രീതിയില്‍ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചശേഷം ആളുകള്‍ ആകൃഷ്ടരാകുമ്പോള്‍ അശ്ലീല ചാറ്റ് നടത്തുകയും  അങ്ങനെ പലരുമായും അടുപ്പം സ്ഥാപിക്കുകയും ചെയ്തു.

വികാരപരമായ ചാറ്റില്‍ വീണ പലരും സ്ത്രീയാണെന്ന വിചാരത്തില്‍  നഗ്‌നഫോട്ടോകള്‍ ആവശ്യപ്പെടുമ്പോള്‍ പണം നല്‍കിയാല്‍ കാണിക്കാം എന്നായിരുന്നു യുവാവ് പറഞ്ഞിരുന്നത്. പല ആളുകളും ഇയാളുടെ ചാറ്റിങ് കെണിയില്‍വീഴുകയും അങ്ങനെയുള്ളവര്‍ക്ക് ഇയാളുടെ ഗൂഗിള്‍ പേ അക്കൗണ്ട് അയച്ച് നല്‍കി അതുവഴി പണം വാങ്ങിയ ശേഷം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചു നല്‍കുകയും ചെയ്തു. ഇങ്ങനെ ഇയാള്‍ ആറുമാസം കൊണ്ട് ഒന്നരലക്ഷത്തോളം രൂപ  സമ്പാദിച്ചു. കൂട്ടുകാരോടൊപ്പം പലയിടങ്ങളിലും പോയി ഉല്ലസിക്കാനും മദ്യപിക്കാനും മറ്റുമാണ് ഇയാള്‍ ഈ പണം വിനിയോഗിച്ചതെന്നും പോലീസ് പറഞ്ഞു. 

Content Highlights: youth arrested for morphing womans pictures and selling pictures through social media