ചങ്ങനാശ്ശേരി: റിട്ട. കോളേജ് അധ്യാപികയുടെ കൈയിൽനിന്ന് പ്രാർത്ഥനയുടെ പേരിൽ 33 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ പ്രതി പോലീസ് പിടിയിൽ. എറണാകുളം മരട് സ്വദേശിയും ഇപ്പോൾ പാമ്പാടി ആശാരിപ്പറമ്പിൽ പൊന്നൻസിറ്റിയിൽ വാടകയ്ക്ക് താമസിക്കുന്ന നോർബിൻ നോബി(40) യാണ് ആലപ്പുഴയിൽനിന്ന് പോലീസ് പിടിയിലായത്. ചങ്ങനാശേരി കുരിശുംമൂട് സ്വദേശിയായ 70-കാരിയായ റിട്ട. കോളേജ് അധ്യാപികയുടെ കൈയിൽനിന്ന് പ്രാർത്ഥനയുടെ പേരിലാണ് 33 ലക്ഷം രൂപയോളം തട്ടിയെടുത്തത്.

പ്രാർത്ഥനാചടങ്ങുകളിൽ വെച്ച് വീട്ടമ്മയെ പരിചയപ്പെട്ട നോർബിൻ, ഇവരുടെ വീട് സന്ദർശിച്ചു. വീട്ടിൽ ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും പ്രാർത്ഥനയിൽ കൂടി മാറ്റിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഇങ്ങനെയാണ് ഇവരിൽനിന്ന് പണം വാങ്ങിയെടുത്തത്. ഭർത്താവ് മരണപ്പെട്ട ഇവരുടെ രണ്ട് പെൺമക്കൾ കുടുംബമായി വിദേശത്താണ്.

ഒരു പ്രാർത്ഥനയ്ക്ക് 13,000 രൂപയും പത്തിൽ കൂടുതൽ ആൾക്കാരെ പ്രാർത്ഥനയിൽ പങ്കെടുപ്പിക്കുന്നതിന് 30,000 രൂപയുമാണ് വാങ്ങിയിരുന്നത്. കൂടാതെ ഇവരുടെ കൈയിൽനിന്ന് വായ്പയായും പല തവണകളായി വലിയ തുകയും വാങ്ങിയെടുത്തിട്ടുണ്ട്. രണ്ടു വർഷമായി ഇങ്ങനെ തുടർന്നിട്ടും യാതൊരുവിധ ഫലങ്ങളും ഉണ്ടാകാത്തതിനെ തുടർന്നാണ് വീട്ടമ്മ തിരികെ പണം ചോദിച്ചത്.

എന്നാൽ പണം കിട്ടാത്തതിനെ തുടർന്ന് ഇവർ ചങ്ങനാശേരി പോലീസിൽ പരാതി നൽകി. പോലീസ് ഇടപെട്ടെങ്കിലും പ്രതി മുങ്ങി. തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും നോബിയെ കണ്ടെത്താനായില്ല. പിന്നീട് ചങ്ങനാശേരി കോടതിയിൽ വീട്ടമ്മ പരാതി നൽകി. പ്രതിയെ ഹാജരാക്കാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടു. നോബിന്റെ മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതി ആലപ്പുഴ കളർകോടുള്ള ലോഡ്ജിൽ ഉണ്ടെന്ന് മനസ്സിലാക്കി. ഞായറാഴ്ച രാവിലെ കളർകോടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി ഡി. ശില്പ, ചങ്ങനാശേരി ഡിവൈ.എസ്.പി. വി.ജെ.ജോഫി എന്നിവരുടെ നിർദേശത്തെ തുടർന്ന് ചങ്ങനാശേരി സി.െഎ. ആസാദ് അബ്ദുൾ കലാം, എ.എസ്.ഐ.മാരായ രമേശ് ബാബു, ഷിജു കെ.സൈമൺ, ആന്റണി മൈക്കിൾ, സി.പി.ഒ.മാരായ ബിജു, തോമസ് സ്റ്റാൻലി എന്നിവരാണ് അറസ്റ്റിന് നേതൃത്വം കൊടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.