കടയ്ക്കാവൂര്‍(തിരുവനന്തപുരം): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ കേസില്‍ യുവാവ് അറസ്റ്റില്‍. കടയ്ക്കാവൂര്‍ ഓവര്‍ ബ്രിഡ്ജിന് സമീപം കോവിലഴികം വീട്ടില്‍ പ്രസന്നനന്റെ മകന്‍ രാഹുല്‍ (20) ആണ് അറസ്റ്റിലായത്. ഫോണ്‍ വഴി പരിചയപ്പെട്ട് പ്രണയം നടിച്ചാണ് യുവാവ് പെണ്‍കുട്ടിയെ അര്‍ധരാത്രി ബൈക്കില്‍ കടത്തിക്കൊണ്ടുപോയത്. എന്നാല്‍ കടയ്ക്കാവൂര്‍ മണ്ണാത്തിമൂല ഭാഗത്ത് ഇവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയും നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പരിക്കേറ്റ ഇരുവരെയും പോലീസ് എത്തിയാണ് ആംബുലന്‍സില്‍ ചിറയിന്‍കീഴ് താലുക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
അപകടത്തില്‍ യുവാവിന്റെ കാലിനാണ് പരിക്കേറ്റത്. ഇതിനിടെ പരിക്കേറ്റ പെണ്‍കുട്ടി ബോധം വീണ്ടെടുത്തതോടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കടത്തിക്കൊണ്ടുപോയതാണെന്ന് വ്യക്തമായത്. ഉടന്‍തന്നെ ഡോക്ടര്‍മാര്‍ ഈ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് കടയ്ക്കാവൂര്‍ എസ്.ഐ. വിനോദ് വിക്രമാദിത്യന്‍, എസ്.സി.പി.ഒ.മാരായ ബിനോജ്, ജ്യോതിഷ്, ഷിബു, സി.പി.ഒ മേരി എന്നിവരടങ്ങിയ സംഘം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി എടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അര്‍ധരാത്രി പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച രാഹുല്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും പ്രലോഭിപ്പിച്ച് ബൈക്കില്‍ കടത്തി കൊണ്ടുപോയെന്നുമാണ് പോലീസ് പറഞ്ഞത്. പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നും സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്നത് അന്വേഷിച്ചുവരികയാണെന്നും കടയ്ക്കാവൂര്‍ സി.ഐ. ആര്‍. ശിവകുമാര്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights: youth arrested for kidnaping minor girl in kadakkavoor