അടിമാലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ വെള്ളത്തൂവല്‍ പോലീസ് അറസ്റ്റുചെയ്തു. പുനലൂര്‍ തെള്ളികോട് വിദ്യാഭവനില്‍ വിഷ്ണു (20) നെയാണ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴിയാണ് വിഷ്ണു പെണ്‍കുട്ടിയെ ആദ്യം പരിചയപ്പെട്ടത്.

പിന്നീട് ബന്ധുവിന്റെ ചികിത്സക്ക് സഹായിയായി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ അവിടെവെച്ച് കണ്ടുമുട്ടി. ഈ മാസം 20-ന് ഇയാള്‍ പെണ്‍കുട്ടിയുടെ വീടിന് സമീപം എത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയി.

പുനലൂരിലെ ഇയാളുടെ ആള്‍താമസം ഇല്ലാത്ത വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.ഐ. സജി എന്‍.പോളിന്റെ നേതൃത്വത്തിലുള്ള പോലീസ് പുനലൂരില്‍ എത്തി ഇരുവരേയും കസ്റ്റഡിയില്‍ എടുത്തു. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കളോടൊപ്പം അയച്ചു. യുവാവിനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.