അഞ്ചാലുംമൂട് : പതിന്നാലുകാരിയായ വിദ്യാര്‍ഥിനിയെ ശല്യംചെയ്തതിന് യുവാവ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായി. പനയം ചെമ്മക്കാട് ചാമവിള കോളനിയില്‍ ഗീതാഞ്ജലി ഭവനത്തില്‍ കിരണ്‍ പ്രസാദിനെ(19)യാണ് പോലീസ് പിടികൂടിയത്.

സംഭവം സംബന്ധിച്ച് പോലീസ് വിശദീകരണം: കുറച്ചുനാളായി കിരണ്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിവരികയായിരുന്നു. പെണ്‍കുട്ടിയുടെ യാത്ര നിരന്തരം നിരീക്ഷിച്ചുവന്ന പ്രതി കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തുവെച്ചു കടന്നുപിടിച്ച് കാറിലേക്കു വലിച്ചുകയറ്റാന്‍ ശ്രമിച്ചു.

കുതറിയോടിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് സംഭവം പുറത്തു പറഞ്ഞാല്‍ പെണ്‍കുട്ടിയെയും കുടുംബാംഗങ്ങളെയും കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി വീട്ടിലെത്തി നടന്ന സംഭവം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് കുടുംബത്തോടൊപ്പം സ്റ്റേഷനിലെത്തി പരാതി നല്‍കി. അഞ്ചാലുംമൂട് എസ്.എച്ച്.ഒ. സി.ദേവരാജന്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ബി.ശ്യാം, എ.റഹിം, ഷബ്ന, എ.എസ്.ഐ. ഓമനക്കുട്ടന്‍, സി.പി.ഒ. മണികണ്ഠന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.