പാലോട്: തെങ്കാശിപ്പാതയില്‍ മാസങ്ങളായി കോഴിമാലിന്യം തള്ളിക്കൊണ്ടിരുന്ന യുവാവ് ഒടുവില്‍ പിടിയിലായി. തൊപ്പിയും മാസ്‌കും ധരിച്ചിരുന്നെങ്കിലും രാത്രിയില്‍ മാലിന്യം തള്ളാനെത്തിയ ചുള്ളിമാനൂര്‍ വെങ്കിട്ടക്കാല എം.ആര്‍.മന്‍സിലില്‍ എം.മുഹമ്മദ്ഷാന്‍ (22)ആണ് നാട്ടുകാരുടെ ലോക്കില്‍പ്പെട്ടത്.

തെങ്കാശിപ്പാതയിലെ കുറുപുഴ, വഞ്ചുവം ഭാഗത്ത് കോഴിക്കടയില്‍നിന്നുള്ള മാലിന്യം തള്ളുന്നത് പതിവായിരുന്നു. സംസ്ഥാന പാതയായിട്ടും ഇതുവഴി മൂക്കുപൊത്താതെ യാത്രചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലായി. സഹികെട്ട നാട്ടുകാര്‍ ആഴ്ചകളോളം കാത്തിരുന്നിട്ടും മാലിന്യം തള്ളുന്നയാളെ കണ്ടെത്താനായില്ല. ലോക്ഡൗണ്‍കാലത്തും മാലിന്യം തള്ളലിനു അറുതിവരാതായതോടെയാണു നാട്ടുകാര്‍ പോലീസിന്റെ സഹായം തേടിയത്.

വെള്ളിയാഴ്ച രാത്രി 9.30-ഓടെ മിനിവാനില്‍ മാലിന്യം കൊണ്ടുവന്ന് റോഡിലേക്കു തള്ളുന്നതിനിടിയിലാണ് പാലോട് പോലീസും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പിടികൂടിയത്. ഇയാള്‍ ചുള്ളിമാനൂരില്‍ കോഴിക്കട നടത്തിവരികയാണ്.

പാലോട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സാം, വാര്‍ഡംഗം ഷീല എന്നിവരുടെ നേതൃത്വത്തില്‍ അവശിഷ്ടങ്ങള്‍ മറവുചെയ്ത് സ്ഥലത്ത് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

നരഹത്യാശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരേ കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. പാലോട് സി.ഐ. മനോജ്, എസ്.ഐ. സതീഷ്‌കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: youth arrested for dumping waste in road side