കാട്ടാക്കട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോ സാമൂഹികമാധ്യമം വഴി പ്രചരിപ്പിച്ച കേസില്‍ യുവാവിനെ കാട്ടാക്കട പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട് കോട്ടപാടം തലയ്ക്കശ്ശേരി ചോലപറമ്പില്‍വീട്ടില്‍ നിന്ന് പാലക്കാട് പട്ടിത്തറ തൊഴുക്കര ലക്ഷംവീട് കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന പി.രമേശി(28) നെയാണ് കാട്ടാക്കട ഇന്‍സ്പെക്ടര്‍ കിരണും സംഘവും അറസ്റ്റു ചെയ്തത്.

സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട കാട്ടാക്കട സ്വദേശിനിയായ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം നഗ്‌ന വീഡിയോ കൈക്കലാക്കി ഷെയര്‍ചാറ്റിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

പരിചയപ്പെട്ടശേഷം പതിവായി ഇയാള്‍ വീഡിയോ കോള്‍ ചെയ്യുമായിരുന്നു. തുടര്‍ന്ന് നഗ്‌നയായ വീഡിയോ അയച്ചുതരാന്‍ ആവശ്യപ്പെടുകയും ഇത് കുട്ടിയുടെ പരിചയക്കാര്‍ക്കും ഇയാളുടെ സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തതായി പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് തന്ത്രപരമായി പ്രതിയെ കുടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരേ പോക്‌സോ നിയമം അനുസരിച്ച് കേസെടുത്ത് കാട്ടാക്കട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; പ്രതി അറസ്റ്റില്‍ 

കിളിമാനൂര്‍: വിവാഹ വാഗ്ദാനം നല്‍കി ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ കിളിമാനൂര്‍ പോലീസ് അറസ്റ്റുചെയ്തു. വെള്ളല്ലൂര്‍ വല്ലക്കോട് മംഗലത്തു പുത്തന്‍ വീട്ടില്‍ ശരത് എല്‍.ലാലി(32)നെയാണ് അറസ്റ്റുചെയ്തത്. അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ കിളിമാനൂര്‍ എസ്.എച്ച്.ഒ. എസ്.സനൂജ്, എസ്.ഐ. സുനില്‍കുമാര്‍, സവാദ്ഖാന്‍, അജയകുമാര്‍, മോഹനന്‍നായര്‍, എസ്.സി.പി.ഒ. അജോജോര്‍ജ്, റിയാസ്, സി.പി.ഒ. ഡിജി, രജിമോന്‍, ആന്‍വിന്‍സോജു എന്നിവര്‍ചേര്‍ന്നായിരുന്നു അറസ്റ്റ് ചെയ്തത്.