വൈറ്റില: സ്വകാര്യ ബസില്‍ യാത്രയ്ക്കിടെ യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യാത്രക്കാരന് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പനങ്ങാട് കോലോത്തുചിറ അനില്‍കുമാര്‍ (38) അറസ്റ്റിലായി. ചോറ്റാനിക്കര നാഗപ്പാടി മലയപ്പറമ്പില്‍ സുനിലിനാണ് (44) കഴുത്തിലും നെഞ്ചത്തും കുത്തേറ്റത്.

26-ന് ഉച്ചകഴിഞ്ഞ് എറണാകുളത്തുനിന്ന് തൃപ്പൂണിത്തുറയ്ക്കുള്ള സ്വകാര്യ ബസില്‍ അനില്‍കുമാര്‍ യാത്രക്കാരിയായ യുവതിയെ ശല്യം ചെയ്യുന്നത് സുനില്‍ കാണുകയും ഇത് കണ്ടക്ടറെ ധരിപ്പിക്കുകയും ചെയ്തു. കണ്ടക്ടര്‍ ചോദ്യം ചെയ്തതില്‍ ക്ഷുഭിതനായ അനില്‍കുമാര്‍ സുനിലിനെ കൈയേറ്റം ചെയ്തു. 

തര്‍ക്കം മൂത്തപ്പോള്‍ കണ്ടക്ടര്‍ ഇരുവരെയും വൈറ്റില ഹബ്ബില്‍ ഇറക്കിവിട്ടു. തുടര്‍ന്ന് പിന്‍തുടര്‍ന്നെത്തിയ അനില്‍കുമാര്‍ സുനിലിന്റെ കഴുത്തിലും നെഞ്ചത്തും കത്തി കൊണ്ട് കുത്തുകയായിരുന്നു. ആക്രമണം നടത്തിയ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അനില്‍കുമാറിനെ വൈറ്റില ഹബ്ബിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തടഞ്ഞ് പോലീസിന് കൈമാറി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരേ സെന്‍ട്രല്‍, കടവന്ത്ര, പനങ്ങാട് സ്റ്റേഷനുകളില്‍ ക്രിമനല്‍ കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.