കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവിനെ പോലീസ് പിടികൂടി. ആലപ്പുഴ മാവേലിക്കര തഴക്കര കണ്ണോത്തുമുടി അതുല്യ ഭവനില്‍ അഭിജിത്ത് (23) ആണ് പോലീസ് പിടിയിലായത്.

പഴക്കച്ചവടക്കാരനായ ഇയാള്‍ സാമൂഹികമാധ്യമത്തിലൂടെയാണ് കൊല്ലം സ്വദേശിനിയായ പതിനേഴുകാരിയുമായി പരിചയത്തിലായത്. ഓഗസ്റ്റ് 18-ന് പുലര്‍ച്ചെ ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി ചിന്നക്കടയിലെത്തിച്ചു. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് സംഘത്തെക്കണ്ട് ഇയാള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ചു കടന്നു. പോലീസ് സംഘം പെണ്‍കുട്ടിയുമായി സംസാരിച്ചതില്‍നിന്നാണ് യുവാവ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതാണെന്നും പോലീസിനെക്കണ്ട് രക്ഷപ്പെടുകയായിരുന്നെന്നും മനസ്സിലായത്. പോലീസ് സംഘം രക്ഷാകര്‍ത്താക്കളെ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ അവര്‍ക്കൊപ്പം വിട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ എടുത്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്.

വനിതാ പോലീസ് സ്റ്റേഷനിലെ എസ്.ഐ.മാരായ സി.പുഷ്പലത, ജിജി മാത്യു, എസ്.സി.പി.ഒ.മാരായ ഐ.അനിതകുമാരി, രാമാഭായി, എ.എസ്.ഐ. ബൈജു ജെറോം തുടങ്ങിയവരടങ്ങിയ സംഘമാണ് കളമശ്ശേരി എച്ച്.എം.ടി. കോളനിയില്‍നിന്ന് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.