പനവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയ കേസിലെ പ്രതിയെ നെടുമങ്ങാട് പോലീസിന് കൈമാറി. റെയിൽവേ പോലീസാണ് കഴിഞ്ഞ ദിവസം പ്രതി പനവൂർ കൊച്ചാനായിക്കോണത്ത് വെള്ളംകുടി ഹിദായത്ത് നഗർ സിസി ഹൗസിൽ എൻ.അൽ.അമീറി (21)നെ അറസ്റ്റുചെയ്തത്.

വിജയവാഡയിലെ സുഹൃത്തിന്റെ അടുത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് റെയിൽവേ പോലീസ് പിടികൂടിയത്. ശനിയാഴ്ച രാവിലെ മുതൽ പെൺകുട്ടിയെ കാണാനില്ലാത്തതിനെ തുടർന്ന് രക്ഷിതാക്കൾ നെടുമങ്ങാട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഇരുവരെയും എറണാകുളത്തുനിന്ന് പിടികൂടി കസ്റ്റഡിയിലെടുത്തത്.

കാസർകോട് ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്ന അമീർ ലോക്ഡൗൺകാലത്ത് നാട്ടിലെത്തുകയും പെൺകുട്ടിയുമായി പ്രണയത്തിലാവുകയുമായിരുന്നു. പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു.

സി.ഐ. പി.എസ്.വിനോദ്, എസ്.ഐ. ശ്രീജിത്ത് എന്നിവരുൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ അടുത്തദിവസം കോടതിയിൽ ഹാജരാക്കും.