പത്തനംതിട്ട: സ്‌കൂട്ടറില്‍ കറങ്ങിനടന്ന് പരിചയം ഭാവിച്ച് മധ്യവയസ്‌കരുടെ മാലയും വളയും മോതിരവും ഊരിവാങ്ങി രക്ഷപ്പെടുന്ന യുവാവിനെ പന്തളം പോലീസ് അറസ്റ്റുചെയ്തു. ഹരിപ്പാട് പള്ളിപ്പാട് തെക്കേക്കര കിഴക്ക് ആര്‍.ഡി.ഒ. ചിറയില്‍ സൂരജ് എന്ന് വിളിക്കുന്ന ശ്യാംകുമാറാ(39)ണ് പിടിയിലായത്. േമയ് 28-ന് പന്തളം പൂഴിക്കാട് തവളംകുളം കോളപ്പാട്ട് രാജമ്മ(76)യുടെ വള തട്ടിയെടുത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

പന്തളം കവലയ്ക്കു സമീപമുള്ള വൈദ്യശാലയില്‍നിന്നു മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ സമീപത്ത് സ്‌കൂട്ടര്‍ നിര്‍ത്തി മകളുടെ വിവാഹത്തിന് അളവെടുക്കാനാണെന്നു പറഞ്ഞ് വള ഊരിവാങ്ങി രക്ഷപ്പെടുകയായിരുന്നു. സംശയം തോന്നാതിരിക്കാന്‍ പരിചയഭാവം നടിച്ച് സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സി.സി.ടി.വി. ദൃശ്യങ്ങളും ഇരുചക്രവാഹന വര്‍ക് ഷോപ്പുകളിലും പരിശോധിക്കുകയും വാഹനം കണ്ടെത്തുകയുമായിരുന്നു. വ്യാഴാഴ്ചയാണ് വീടിനു സമീപത്തുനിന്നു ഇയാളെ അറസ്റ്റ് ചെയ്തത്. തൊണ്ടിമുതലും പോലീസ് കണ്ടെടുത്തു.
2017 ജൂണില്‍ പാലായില്‍ അന്നമ്മ ജോസഫിന്റെ അഞ്ച്പവന്‍ മാല, ഒക്ടോബറില്‍ ഓച്ചിറ സ്വദേശി മണിയമ്മയുടെ അഞ്ചരപവന്‍ മാല, ഡിസംബറില്‍ കോട്ടയം ജില്ലാ ആശുപത്രിക്കു സമീപത്തുനിന്നു സ്ത്രീയുടെ രണ്ട്പവന്‍ മാല, 2018 മാര്‍ച്ചില്‍ ചെന്നീര്‍ക്കര പൂവാണിത്തറയില്‍ ജനാര്‍ദ്ദനന്റെ ഒരുപവന്‍ മോതിരം എന്നിവ മോഷ്ടിച്ചതായി തെളിഞ്ഞു.
ഏറ്റുമാനൂര്‍, റാന്നി, പത്തനംതിട്ട, ചെങ്ങന്നൂര്‍, തിരുവല്ല, പാലാ, കോട്ടയം, കൊട്ടാരക്കര, കൊല്ലം ടൗണ്‍, കരുനാഗപ്പള്ളി, പത്തനാപുരം, കോഴഞ്ചേരി, അടൂര്‍, ഓച്ചിറ, ഇലന്തൂര്‍ എന്നിവിടങ്ങളില്‍നിന്ന് ഇയാള്‍ ആഭരണം തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അറുപത് വയസ്സിനുമുകളില്‍ പ്രായമായവരെയാണ് ഇയാള്‍ ലക്ഷ്യംവയ്ക്കുന്നത്. അഞ്ചുവര്‍ഷമായി ഇതേമോഷണരീതി തുടര്‍ന്നുവരികയാണെങ്കിലും ആദ്യമായാണ് പോലീസിന്റെ വലയിലാകുന്നത്.
ജില്ലാ പോലീസ് മേധാവി ടി.നാരായണന്റെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി. ആര്‍.ജോസ്, സി.ഐ. ഇ.ഡി.ബിജു, സ്പെഷ്യല്‍ സ്‌ക്വാഡ് എസ്.ഐ. പി.ശ്രീജിത്ത്, പന്തളം എസ്.ഐ. ബി.സജീഷ്‌കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വി.അനീഷ്‌കുമാര്‍, സാം മാത്യു എന്നിവരാണ് അന്വേഷണം നടത്തിയത്.
Content highlights: Crime news, Police, Arrest