ഗുരുവായൂര്‍: ഐ.പി.എസ്.ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പുനടത്തിയ യുവാവ് രണ്ടു വര്‍ഷത്തിനുശേഷം ഗുരുവായൂരില്‍ വീണ്ടും അറസ്റ്റില്‍. കോഴിക്കോട് ഫാറൂഖ് കല്ലുവളവ് പെരുമുഖം നികേതത്തില്‍ കാര്‍ത്തിക്കിനെയാണ്(29) ടെമ്പിള്‍ സി.ഐ.പ്രേമാനന്ദകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. ആഡംബര കാറുകള്‍ വാങ്ങാന്‍ വ്യാജരേഖകള്‍ നല്‍കി പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 25 ലക്ഷം രൂപ വായ്പയെടുത്ത് തട്ടിപ്പുനടത്തിയ കേസിലാണിപ്പോള്‍ അറസ്റ്റ്.

കേസില്‍ കാര്‍ത്തിക്കിന്റെ അമ്മ ശ്യാമളയും(60) പ്രതിയാണ്. അവരെയും കസ്റ്റഡിയിലെടുത്തു. പോലീസിന്റെ വാഹനപരിശോധനക്കിടെയാണ് കാര്‍ത്തിക് പിടിയിലായത്. മകന്‍ പോലീസിന്റെ പിടിയിലായെന്ന വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയപ്പോഴാണ് അമ്മയെ കസ്റ്റഡിയിലെടുത്തത്. 2019-ലെ കേസാണിത്. ബാങ്കുകളില്‍ വ്യാജ ശമ്പളസര്‍ട്ടിഫിക്കറ്റ് നല്‍കി വായ്പയെടുത്ത് കാറുകള്‍ വാങ്ങുകയും പിന്നീടത് മറിച്ചുവില്‍ക്കുകയുമാണ് ചെയ്യുന്നത്. ശ്യാമള ഇന്‍ഫര്‍മേഷന്‍ ഓഫീസറാണെന്ന് ബാങ്കുകാരെ ധരിപ്പിക്കുകയും വ്യാജമായി ശമ്പള സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കി സമര്‍പ്പിക്കുകയും ചെയ്യും.

സമാനസംഭവങ്ങളില്‍ അമ്മയെയും മകനെയും 2019 ഒക്ടോബറില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ മാനേജരുമായി സൗഹൃദം സ്ഥാപിച്ച് 96 പവന്‍ സ്വര്‍ണം തട്ടിയെടുത്തതിനായിരുന്നു അറസ്റ്റ്.