തിരുവനന്തപുരം: പൂന്തുറയില്‍ അയല്‍വാസികള്‍ യുവതിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. പൂന്തുറ സ്വദേശി ആമിനക്കാണ് മര്‍ദ്ദനമേറ്റത്. ആമിനയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. നൗഷാദ്, സുധീര്‍ എന്നിവരാണ് അമിനയെ മര്‍ദ്ദിച്ചത്. 

ആമിനയുടെ വീടിന്റെ താഴത്തെ നിലയില്‍ ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാര്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇവര്‍ ശബ്ദമുണ്ടാക്കി എന്നതാണ് അയല്‍വാസികളുമായി തര്‍ക്കമുണ്ടാകാന്‍ കാരണം. യുവതിയെ അടിച്ച് നിലത്തിട്ട ശേഷം തല മതിലില്‍ ചേര്‍ത്തിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

അയല്‍വാസികള്‍ ഗേറ്റിന് മുന്നില്‍ എത്തുകയും ഇവരുമായി വാക്കുതര്‍ക്കം ഉണ്ടാകുകയുമായിരുന്നു. തുടര്‍ന്ന് നൗഷാദ് എന്നയാള്‍ ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കടക്കുകയും ആമിനയെ അടിച്ച് നിലത്തിടുകയുമായിരുന്നു. അതിന് ശേഷം വലിച്ചിഴച്ചുകൊണ്ടുപോയി മതിലില്‍ ചേര്‍ത്ത് ഇടിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. 

സംഭവവുമായി ബന്ധപ്പെട്ട് പൂന്തുറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് ആമിനയുടെ മൊഴി രേഖപ്പെടുത്തുകയാണ്. മൊഴിയുടെ അടിസ്ഥാനത്തില്‍ സുധീറിനേയും നൗഷാദിനേയും കസ്റ്റഡിയില്‍ എടുക്കുമെന്ന് പോലീസ് അറിയിച്ചു.

Content Highlights: Young woman was assaulted in Poonthura