തൃശ്ശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ കോച്ചിന്റെ സ്ഥാനം ചോദിച്ച രോഗിയായ യുവാവിന് ക്രൂരമര്‍ദനം. ടോര്‍ച്ചുകൊണ്ടുള്ള അടിയില്‍ നെറ്റിയില്‍ മുറിവുണ്ടായി. മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന റെയില്‍വേ ജീവനക്കാരനെതിരേ ആര്‍.പി.എഫ്. കേസെടുത്തു. വടക്കാഞ്ചേരി കുറാഞ്ചേരി കിഴക്കേചരുവില്‍ മൂസയുടെ മകന്‍ ഷമീറിനാണ് പരിക്കേറ്റത്. ബുധനാഴ്ചയായിരുന്നു സംഭവം.

ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്കു പോകാന്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു ഷമീര്‍. തനിക്ക് കയറേണ്ട എസ്-5 കോച്ച് എവിടെയാണെന്ന് അന്വേഷിച്ചപ്പോള്‍ റെയില്‍വേ ജീവനക്കാരന്‍ മര്‍ദിച്ചെന്നാണ് ഷെമീര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ചോരവാര്‍ന്നുകിടന്ന ഷമീറിനെ റെയില്‍വേ പോലീസാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. നെറ്റിയിലെ മുറിവില്‍ മൂന്ന് സ്റ്റിച്ച് ഇടേണ്ടിവന്നു. ശരീരത്തില്‍ പലഭാഗത്തും മര്‍ദനമേറ്റതായും പറയുന്നു. സംഭവത്തെത്തുടര്‍ന്ന് യാത്ര മുടങ്ങുകയും ചെയ്തു.

കണ്ണിന് കടുത്ത വേദന അനുഭവപ്പെട്ട ഷമീര്‍ വീണ്ടും സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ക്കും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ഞരമ്പുകള്‍ ദുര്‍ബലമാകുന്ന അസുഖത്തിനുള്ള ചികിത്സയുടെ ഭാഗമായാണ് ഷമീര്‍ തിരുവനന്തപുരത്തേക്ക് പോകാനിരുന്നത്. ഇതുമൂലം ഇദ്ദേഹത്തിന് നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. കൂടാതെ സംസാരിക്കുന്നതിനും ചെറിയ പ്രശ്നങ്ങളുണ്ട്. ഇതിനുള്ള ചികിത്സ വര്‍ഷങ്ങളായി തുടരുന്നു.

മാസം അയ്യായിരത്തോളം രൂപ മരുന്നിനുതന്നെ വേണമെന്ന് ഷമീറിന്റെ മാതാവ് സൈനബ പറയുന്നു. നഗരത്തില്‍ ലോട്ടറി ടിക്കറ്റ് വിറ്റാണ് ഈ തുക സൈനബ കണ്ടെത്തുന്നത്. പിതാവ് മൂസ അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലാണ്. വാഹനങ്ങള്‍ക്ക് പെയിന്റടിക്കുന്ന ജോലിക്ക് ഷമീര്‍ ഇടയ്‌ക്കെല്ലാം പോകാറുണ്ട്. എന്നാല്‍ അസുഖങ്ങള്‍ പലപ്പോഴും അനുവദിക്കാറില്ല.

Content Highlights: Young man manhandled at railway station