കുമളി : നിരോധിത ലഹരി ഉത്പന്നവുമായി യുവാവിനെയും യുവതിയെയും എക്സൈസ് സംഘം പിടികൂടി. എറണാകുളം സ്വദേശി ഷെഫിൻ മാത്യു(32), കൊടുങ്ങല്ലൂർ സ്വദേശി സാന്ദ്ര(20) എന്നിവരെയാണ് 0.06 ഗ്രാം എം.ഡി.എം.എ.യുമായി പിടിയിലായത്.

കുമളിയിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത ഇരുവരും പരുന്തുംപാറയിൽ സന്ദർശിക്കുന്നതിനിടെ സംശയംതോന്നിയ എക്‌സൈസ് സംഘം പരിശോധിച്ചപ്പോഴാണ് ഇവരുടെ പക്കൽനിന്ന്‌ നിരോധിത ലഹരിവസ്തു കണ്ടെത്തിയത്. മുറിയിലും കുറച്ച് അളവിലിരിപ്പുണ്ടെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

തുടർന്ന് കുമളിയിലെത്തിച്ച് പരിശോധന നടത്തി. ഇവർ മുമ്പ് ലഹരിക്കേസുകളിൽ പ്രതിയാണോയെന്ന് അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.എക്സൈസ് സി.ഐ. കെ. കാർത്തികേയൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ബിനീഷ് സുകുമാരൻ, പ്രിന്റീവ് ഓഫീസർമാരായ സതീഷ്‌കുമാർ, രാജ്കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ ദീപുകുമാർ, സൈനുദ്ദീൻകുട്ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ദു, ശശികല എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികളെ കൂടുതൽ തെളിവെടുപ്പിനായി വണ്ടിപ്പെരിയാർ സെക്ഷൻ ഓഫീസ് കൈമാറി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.