ചെന്നൈ: മദ്യലഹരിയിൽ പോലീസിന്റെ പട്രോളിങ് വാഹനവുമായി കടന്നുകളഞ്ഞ യുവഡോക്ടറെ അറസ്റ്റുചെയ്തു. ആർക്കോണം സ്വദേശിയായ എസ്. മുത്തു ഗണേഷാണ് (31) പിടിയിലായത്. കുൺട്രത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറാണ്.
മദ്യപിച്ച് വാഹനമോടിച്ചതിന് കഴിഞ്ഞദിവസം പുലർച്ചെ ഹാരിങ്ടൺ റോഡിൽനിന്ന് ഇയാളെ പോലീസ് പിടികൂടിയിരുന്നു. സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. എന്നാൽ ഇതിനുപിന്നാലെ ഇയാൾ കാർ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് പോലീസുകാരുമായി വാഗ്വാദത്തിലേർപ്പെട്ടു. വാഹനം ലഭിക്കണമെങ്കിൽ സ്റ്റേഷനിലേക്ക് പോകണമെന്ന് പോലീസുകാർ പറഞ്ഞു. ഇതിനിടെ പോലീസുകാരുടെ കണ്ണുവെട്ടിച്ച് മുത്തു പട്രോളിങ് വാഹനത്തിൽ കയറി ഓടിച്ചുപോവുകയായിരുന്നു.
വഴിയെവന്ന മറ്റൊരു കാറിൽക്കയറി പോലീസുകാർ ഇയാൾക്ക് പിന്നാലെ പാഞ്ഞു. കുറേദൂരം പിന്തുടർന്ന ശേഷമാണ് പട്രോളിങ് വാഹനത്തെ മറികടന്ന് തടഞ്ഞ് മുത്തുവിനെ പിടികൂടാൻ പോലീസിനായത്. ഇയാൾക്കെതിരേ കിൽപ്പോക് പോലീസ് കേസ് ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlights:young doctor arrested in chennai