ഈറോഡ്: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍ അറസ്റ്റില്‍. ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ദിവ്യസറോണ (35)യുടെ ഭര്‍ത്താവും കന്യാകുമാരി ജില്ലയിലെ എളക്കോട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുമായ അനൂപ് (36) ആണ് അറസ്റ്റിലായത്. ഈറോഡ് കെ.കെ. നഗറില്‍ താമസിക്കുന്ന ദിവ്യസറോണയും അനൂപും 2010 ലാണ് വിവാഹിതരായത്.

അന്ന് ദിവ്യസറോണയുടെ മാതാപിതാക്കള്‍ 117 പവന്‍ സ്വര്‍ണവും 32 ലക്ഷം രൂപയും നല്‍കിയാണ് വിവാഹം നടത്തിയത്. അന്നുമുതല്‍ സ്ത്രീധനം പോര ഇനിയും 10 ലക്ഷം രൂപകൂടി വേണമെന്നുപറഞ്ഞ് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. ഇതിന്റെ പേരില്‍ ഒരു വര്‍ഷത്തോളമായി ഇരുവരും അകന്നുകഴിയുകയായിരുന്നു.

ഇതിനിടയില്‍ അനൂപ് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ദിവ്യ അറിയാതെ എടുത്തു. മറ്റൊരു വനിതാ ഡോക്ടറുമായി അനൂപ് അടുപ്പത്തിലാണെന്നും ദിവ്യ അറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദിവ്യ ഈറോഡ് താലൂക്ക് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസിന്റെ ഭാഗത്തുനിന്നും വേണ്ടത്ര പരിഗണന ലഭിച്ചില്ലത്രെ. തുടര്‍ന്ന്, ദിവ്യസറോണ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചു. കോടതിയില്‍നിന്ന് ദിവ്യക്ക് അനുകൂലമായ വിധി വന്നതോടെ ഈറോഡ് വനിതാപോലീസ് അനൂപിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. അനൂപിനെ ഈറോഡ് കോടതിയില്‍ ഹാജരാക്കി ഗോപിചെട്ടിപ്പാളയം ജയിലില്‍ റിമാന്‍ഡ് ചെയ്തു.