വര്‍ക്കല: നിര്‍മാണം പുരോഗമിക്കുന്ന വീടിന്റെ താക്കോല്‍ കൈക്കലാക്കി പണവും സ്വര്‍ണവും വിദേശ കറന്‍സിയും കവര്‍ന്ന യുവദമ്പതിമാര്‍ അറസ്റ്റില്‍. വര്‍ക്കല ചിലക്കൂര്‍ സ്വദേശി റിയാസ്(29), ഭാര്യ പൂവത്തൂര്‍ മഞ്ചവിളാകം സ്വദേശി ആന്‍സി(24) എന്നിവരെയാണ് അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ചാവര്‍കോട് സി.എച്ച്.എം.എം. കോളേജിന് സമീപം സുധീര്‍ഖാന്‍ എന്നയാളുടെ വീട്ടില്‍ കഴിഞ്ഞ 12-ന് രാത്രിയാണ് മോഷണം നടന്നത്. അഞ്ചു ലക്ഷം രൂപയും മൂന്നു പവന്‍ സ്വര്‍ണാഭരണവും വിദേശ കറന്‍സിയുമാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്.

അടച്ചുറപ്പുണ്ടായിരുന്നതിനാല്‍ വീടുപണിക്കാവശ്യമായ പണം പണി നടക്കുന്ന വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. വീട്ടുടമ രാത്രി സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇതെല്ലാം മനസ്സിലാക്കിയായിരുന്നു മോഷണം. പെയിന്റടിക്കാന്‍ ഉപയോഗിക്കുന്ന എക്സ്റ്റന്‍ഷന്‍ സ്റ്റിക്കും കാന്തവുമുപയോഗിച്ച് മോഷ്ടാക്കള്‍ വീട്ടിനുള്ളിലുണ്ടായിരുന്ന താക്കോല്‍ക്കൂട്ടം കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് വീടും അലമാരയും തുറന്നാണ് മോഷണം നടത്തിയത്.

പ്രഥമദൃഷ്ട്യാ യാതൊരു തെളിവുകളും പോലീസിന് ലഭിക്കാതിരുന്ന കേസില്‍ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. മോഷണം നടന്ന വീട്ടിലേക്കുള്ള വഴികളിലെയെല്ലാം സി.സി.ടി.വി. ക്യാമറാദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. സ്റ്റിക്കുമായി ഒരു യുവാവും യുവതിയും പോകുന്ന ദൃശ്യം ലഭിച്ചു. മോഷണം നടന്ന വീട്ടിലെ പെയിന്റിങ് സ്റ്റിക്കാണെന്ന് മനസ്സിലാക്കി വീട്ടില്‍ ജോലിചെയ്തവരെയെല്ലാം ചോദ്യം ചെയ്തു. ഇവരുടെ ടവര്‍ ലൊക്കേഷനും ഫോണ്‍വിളി വിവരങ്ങളും ശേഖരിച്ചു. അറസ്റ്റിലായ റിയാസിന്റെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടതിനെത്തുടര്‍ന്ന് അന്വേഷണം ഇയാളിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്. മോഷണം നടന്ന വീട്ടില്‍ ഒന്നരമാസം മുമ്പ് റിയാസ് പെയിന്റിങ് ജോലി ചെയ്തിരുന്നു.അങ്ങനെയാണ് വീട്ടില്‍ പണം സൂക്ഷിക്കുന്ന വിവരം മനസ്സിലാക്കി മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. 

വര്‍ക്കല ഡിവൈ.എസ്.പി. ബാബുക്കുട്ടന്‍, അയിരൂര്‍ എസ്.ഐ. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ എ.എസ്.ഐ. ഇതിഹാസ് നായര്‍, പോലീസുകാരായ തുളസി, സജീവ്, ബിന്ദു, ധന്യ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.