തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാള്‍ പിടിയില്‍. യെമന്‍ സ്വദേശി ഈഞ്ചയ്ക്കല്‍ അനുരാഗ് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അബ്ദുള്ള അലി അബ്ദോ അല്‍ ഹദ(52)യെയാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

ഈഞ്ചയ്ക്കലിലെ റസ്റ്റോറന്റിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും വാട്സ്ആപ്പ്, മെസഞ്ചര്‍ എന്നിവ വഴി പ്രചരിപ്പിക്കുന്നതായി ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.കെ.പൃഥ്വിരാജിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പോക്സോ, ഐ.ടി. ആക്ടുകള്‍ പ്രകാരം കേസെടുത്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

വഞ്ചിയൂര്‍ എസ്.എച്ച്.ഒ. ദിപിന്‍, എസ്.ഐ. മാരായ ഉമേഷ്, വിനീത, സി.പി.ഒ.മാരായ ജോസ്, ഗോകുല്‍, ബിന്ദു, സുനില്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.