ഹോര്‍ദോയ് (യു.പി): അറിവില്ലായ്മ ഏറ്റവും വലിയ വിനയായി മാറുമെന്ന് യു.പി സ്വദേശിയായ റാം പ്രതാപ് സിങ് ഒരക്കലും കരുതിയിട്ടുണ്ടാവില്ല. പോലീസ് എന്നുപോലും ശരിയായി എഴുതാന്‍ അറിയാത്തതിനാല്‍ കൊലപാതകക്കേസില്‍ അയാള്‍ അഴിക്കുള്ളിലായി. 

റാം പ്രതാപ് സിങ് ഒക്ടോബര്‍ 26 ന് എട്ടു വയസുള്ള ഒരു ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ രണ്ടുലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് അയാള്‍ അന്നുതന്നെ മോഷ്ടിച്ച ഫോണില്‍നിന്ന് കുട്ടിയുടെ അച്ഛന് മെസേജ് അയച്ചു. പോലീസിനെ വിവരം അറിയിച്ചാല്‍ കുട്ടിയെ കൊന്നുകളയുമെന്ന ഭീഷണി മുഴക്കുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇതോടെ പോലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങി. വൈകാതെ റാം പ്രതാപ് സിങ് കുട്ടിയെ കൊലപ്പെടുത്തി. 

'രണ്ട് ലക്ഷം രൂപയുമായി സീതാപുറിലെത്തൂ. വിവരം പോലീസിനെ അറിയിക്കരുത്. അങ്ങനെ ചെയ്താല്‍ കുട്ടിയെ കൊലപ്പെടുത്തും' എന്നായിരുന്നു കുട്ടിയുടെ പിതാവിന് ലഭിച്ച സന്ദേശം. അതില്‍ പോലീസ് എന്നതിന് Pulish എന്നും സീതാപുറിന് Seeta Pur എന്നുമാണ് ടൈപ്പ് ചെയ്തിരുന്നത്. 

സന്ദേശം അയച്ച ഫോണ്‍നമ്പറിലേക്ക് വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫോണ്‍ ഓഫായിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ സിം കാര്‍ഡ് ഉടമയെ പോലീസ് കണ്ടെത്തിയെങ്കിലും ഫോണ്‍ മോഷണം പോയിരുന്നുവെന്ന് വ്യക്തമായി. ഇതോടെ സിസിടിവി ദൃശ്യങ്ങളും സാഹചര്യ തെളിവുകളും പരിഗണിച്ച് പോലീസ് റാം പ്രതാപ് സിങ് അടക്കം സംശയമുള്ള പത്തുപേരെ കസ്റ്റഡിയിലെടുത്തു. 

തുടര്‍ന്ന് 'എനിക്ക് പോലീസില്‍ ജോലി വേണമെന്നും ഹാര്‍ദോലില്‍നിന്ന് സീതാപുര്‍വരെ ഓടാന്‍ എനിക്ക് കഴിയും' എന്നും എഴുതാന്‍ പത്തുപേരോടും പോലീസ് ആവശ്യപ്പെട്ടു. കുട്ടിയുടെ പിതാവിനയച്ച മെസേജില്‍ ഉണ്ടായിരുന്നതിന് സമാനമായി പോലീസ്, സീതാപുര്‍ എന്നീ വാക്കുകള്‍ റാം പ്രതാപ് സിങ് തെറ്റിച്ചാണ് എഴുതിയത്. തുടര്‍ന്ന് പോലീസ് വിശദമായി ചോദ്യംചെയ്തതോടെ അയാള്‍ കുറ്റംസമ്മതിക്കുകയായിരുന്നു.

Content Highlights: Wrong spellings help UP police net a child-killer