കൊച്ചി: ആലുവ എടയപ്പുറത്ത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 23 കാരിയായ മൊഫിയ പർവീനാണ് മരിച്ചത്. ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഇന്നലെ ആലുവ പോലീസിൽ പരാതി നൽകിയിരുന്നു. തിരികെ വീട്ടിലെത്തിയ ശേഷമാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പരാതി നൽകി വീട്ടിലെത്തിയ ശേഷം മൊഫിയ കതകടച്ചിരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തു വരാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വേണ്ടി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെയുള്ള പരാതിയിൽ പോലീസ് സ്റ്റേഷനിൽ നിന്ന് മൊഫിയയെ ഒത്തു തീർപ്പിന് വിളിപ്പിച്ചിരുന്നു. എന്നാൽ ഒത്തു തീർപ്പ് ചർച്ചകൾക്കിടെ മൊഫിയയും ഭർതൃ വീട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ഭർത്താവിനെ അടിച്ചതായും പോലീസ് പറയുന്നു. ഈ സാഹചര്യത്തിൽ സ്റ്റേഷനിൽ വെച്ച് ഇത്തരം കാര്യങ്ങൾ പാടില്ല എന്ന് താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു. 

പോലീസിനെതിരെയും ആത്മഹത്യാ കുറിപ്പിൽ പരാമർശങ്ങളുണ്ട്. തനിക്ക് നീതി ലഭിച്ചില്ല എന്നതാണ് പോലീസിനെതിരായ പരാമർശം. 

തൊടുപുഴയിൽ സ്വകാര്യ കോളേജിൽ എൽഎൽബി വിദ്യാർത്ഥിയാണ് മൊഫിയ. 

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Women suicide in aluva - suicide note against police